കൊട്ടാരക്കര: സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കപ്പെടുന്ന പിന്നാക്ക പട്ടികജാതി വർഗ വിഭാഗത്തിലെ ശാന്തിക്കാരോട് ഒരു വിഭാഗം കാണിക്കുന്ന അവഗണനയും അധിക്ഷേപവും അവസാനിപ്പിക്കണമെന്ന് കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിന്നാക്കക്കാരായ ശാന്തിക്കാരെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ബോധപൂർവം ചില ക്ഷേത്രോപദേശക സമിതികൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതായി ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി അന്വേഷണം നടത്തുകയും ക്ഷേത്രങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കുകയും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ജാതി വിവേചനത്തിനെതിരെ എല്ലാ ഹൈന്ദവ സംഘടനകളും ഒന്നിക്കണമെന്ന് കേരള പുലയർ മഹാസഭ ജില്ലാ പ്രസിഡന്റ് ചിറ്റയം രാമചന്ദ്രൻ ആവശ്യപ്പെട്ടു.