മാലാഖക്കൂട്ടം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കൊല്ലം: നഴ്സിംഗ് പഠനം പൂർത്തിയാക്കി ഇറങ്ങുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് ഉടൻ തന്നെ ജോലിയും പരിചയ സർട്ടിഫിക്കറ്റും ഉറപ്പാക്കാൻ 'മാലാഖക്കൂട്ടം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിലാകും ജോലി നൽകുക. ഇന്നലെ ചേർന്ന ജില്ലാ വിദഗ്ദ്ധ സമിതി യോഗം പദ്ധതിക്ക് അംഗീകാരം നൽകി.
ജനറൽ നഴ്സിംഗ് പാസായവർക്ക് 10,000 രൂപയും ബി.എസ്‌സി നഴ്സിംഗുകാർക്ക് 12,500 രൂപയും ജില്ലാ പഞ്ചായത്ത് പ്രതിമാസം ഓണറേറിയം നൽകും. രണ്ട് വർഷത്തേക്കാകും നിയമനം. ഇതിനിടെ സർക്കാർ നിയമനമോ മറ്റോ ലഭിച്ചില്ലെങ്കിൽ താത്പര്യമുള്ളവർക്ക് തുടരാനായി വരും വർഷങ്ങളിൽ കൂടുതൽ ഫണ്ട് വകയിരുത്താനും വിദഗ്ദ്ധ സമിതി യോഗത്തിൽ ഏകദേശ ധാരണയായി. ആദ്യഘട്ടത്തിൽ നൂറ് പേർക്കാകും നിയമനം. ഇതിനായി 60 ലക്ഷം രൂപ ഇത്തവണ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. പദ്ധതി വിജയകരമാണെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പാക്കാൻ കൂടുതൽ തുക വകയിരുത്തും. ഡി.എം.ഒ ആവശ്യപ്പെടുന്ന മുറയ്ക്കായിരിക്കും നിയമനം.
വിഷമങ്ങൾക്ക് വിട ചൊല്ലാം
നിലവിൽ നഴസിംഗ് പഠനം പൂർത്തിയാക്കി നിൽക്കുന്നവരിൽ വലിയൊരു വിഭാഗത്തിനും തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. വിദേശത്തെും അന്യസംസ്ഥാനങ്ങളിലും ഉയർന്ന ശമ്പളമുള്ള ആശുപത്രികളിൽ ജോലി ലഭിക്കാൻ പരിചയ സർട്ടിഫിക്കറ്റ് ഇല്ലാത്തതും പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാവും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ആശയമായതിനാലാണ് നടപ്പാക്കുന്നതിന് മുന്നോടിയായി വിദഗ്ദ്ധ സമിതിയുടെ അംഗീകാരം വാങ്ങിയത്.
കേരളപ്പിറവി ദിനത്തിൽ നിയമനം
അപേക്ഷകരെ ഈ മാസം ഇന്റർവ്യു നടത്തി കേരളപ്പിറവി ദിനത്തിൽ നിയമന ഉത്തരവ് നൽകാനാണ് നിലവിലെ ആലോചന. 600 നഴ്സുമാരെ ആവശ്യമുണ്ടെന്ന റിപ്പോർട്ടാണ് ഡി.എം.ഒ ജില്ലാ പഞ്ചായത്തിന് നൽകിയത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ച് മാസമേയുള്ളു. അതുകൊണ്ട് കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നൂറിലധികം പേർക്ക് നിയമനം നൽകിയേക്കും.