കൊല്ലം വഴി 8 മുതൽ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ
യാത്രക്കാർക്ക് പ്രയോജനമില്ലാത്ത സമയക്രമം
കൊല്ലം: സീസൺ, കൗണ്ടർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന മൂന്ന് സ്പെഷ്യൽ അൺ റിസർവ്ഡ്, സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകൾ കൊല്ലം വഴി സർവീസ് ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചെങ്കിലും സമയക്രമം പ്രയോജനകരമല്ലെന്ന് യാത്രക്കാരുടെ പരാതി. പുനലൂർ- തിരുവനന്തപുരം, കോട്ടയം- കൊല്ലം, കൊല്ലം- തിരുവനന്തപുരം എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ.
ഇതിൽ പുനലൂർ- തിരുവനന്തപുരം ട്രെയിനിൽ പുനലൂർ മുതൽ കൊല്ലം വരെ യാത്രക്കാർക്ക് കുറച്ചു പ്രയോജനം ഉണ്ടാകുമെങ്കിലും തിരുവനന്തപുരത്തേക്കുള്ള യാത്ര ദുരിതപൂർണമായിരിക്കും. മിക്ക സ്റ്റേഷനുകളിലും നിറുത്തേണ്ട വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30ന് പുനലൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ കൊല്ലത്ത് 7.40ന് എത്തും. 8.35ന് കഴക്കൂട്ടം സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ പക്ഷേ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്താൻ ഒരു മണിക്കൂർ കൂടി എടുക്കും. തിരികെ വൈകിട്ട് 5.05ന് പുറപ്പെട്ട് 5.40ന് വർക്കലയിൽ എത്തുമെങ്കിലും കൊല്ലത്ത് എത്താൻ 6.50 ആകും. ചുരുക്കത്തിൽ എക്സ് പ്രസ് ട്രെയിനിന്റെ ചാർജ് നൽകിയാലും പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുന്നതിനേക്കാൾ കൂടുവൽ സമയം ചെലവഴിക്കേണ്ടി വരും.
എന്തിനോ വേണ്ടി കോട്ടയം- കൊല്ലം ട്രെയിൻ!
രാവിലെ 5.30 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 7.50ന് കൊല്ലത്തെത്തുന്ന തരത്തിലാണ് സമയക്രമം. ഒരു ഭാഗത്തേക്ക് മാത്രം സർവീസ് നടത്തുന്ന ഈ ട്രെയിൻ പിന്നീട് നാഗർകോവിൽ എക്സ് പ്രസ്, നാഗർകോവിൽ - നിലമ്പൂർ, നിലമ്പൂർ - കോട്ടയം എക്സ് പ്രസുകളായി സർവീസ് നടത്തും. ഇവയിൽ ഏതെങ്കിലും സർവീസുകൾ വൈകിയാൽ കോട്ടയം- കൊല്ലം സർവീസും മുടങ്ങാൻ സാദ്ധ്യത ഏറെയാണ്. റേക്കുകൾക്ക് അറ്റകുറ്റപ്പണി ഉണ്ടായാലും ഇതുതന്നെ ആയിരിക്കും അവസ്ഥ.
നിരക്ക്
(സാധാരണ നിരക്ക് 10 രൂപയാണെങ്കിൽ)
സ്പെഷ്യൽ ട്രെയിനുകളിൽ ₹ 30
റിസർവേഷൻ ₹ 67
പുതിയ ട്രെയിനുകളുടെ സമയക്രമം
1. പുനലൂർ - തിരുവനന്തപുരം
പുനലൂർ: രാവിലെ 6.30 കൊല്ലം: 7.40 വർക്കല: 8.05 കഴക്കൂട്ടം: 8.35 തിരുവനന്തപുരം: 9.30
തിരികെയുള്ള സമയം തിരുവനന്തപുരം: വൈകിട്ട് 05.05 വർക്കല: 05.40 കൊല്ലം: 06.50 പുനലൂർ: 08.15
2. കോട്ടയം- കൊല്ലം
കോട്ടയം: രാവിലെ 5.30 ചെങ്ങന്നൂർ: 6.10 കരുനാഗപ്പള്ളി: 6.55 കൊല്ലം: 7.50
3. കൊല്ലം- തിരുവനന്തപുരം
കൊല്ലം: വൈകിട്ട് 3.50 മയ്യനാട്: 4.00 പരവൂർ: 4.10 വർക്കല: 4.20 കഴക്കൂട്ടം: 5.00 തിരുവനന്തപുരം: 5.45