a
എഴുകോൺ ജംഗ്ഷൻ

എഴുകോൺ: എഴുകോൺ ജംഗ്ഷനിൽ ദേശീയപാത അപകടരഹിതമാക്കാനുള്ള പുത്തൻ പദ്ധതികൾ വരുന്നു. ഇന്നലെ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥ സംഘം എഴുകോൺ ജംഗ്ഷനിൽ നടത്തിയ സന്ദർശനത്തിലാണ് തീരുമാനമായത്. കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ എട്ട് അതീവ അപകട സാദ്ധ്യതയുള്ള മേഖലകളായ കരിക്കോട്, കേരളപുരം, ഇളമ്പള്ളൂർ, മുക്കട, ആശുപത്രി മുക്ക്, എഴുകോൺ, കൊട്ടാരക്കര പുലമൺ, കിഴക്കേത്തെരുവ് എന്നീ ജംഗ്ഷനുകൾ നവീകരിക്കുന്നതിന് ആവശ്യമായ പദ്ധതികളുമായാണ് എൻ.എച്ച്. അതോറിറ്റി ഉദ്യോഗസ്ഥർ എത്തിയത്.

ജനങ്ങളുടെ ആവശ്യം

പൊതു ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് എഴുകോൺ ജംഗ്ഷനെ രണ്ടായി മുറിച്ച് കൊണ്ട് കടന്ന് പോകുന്ന റോഡിന്റെ ജംഗ്ഷൻ മുതൽ എഴുകോൺ സഹകരണ ബാങ്ക് വരെയുള്ള 98 മീറ്റർ ദൂരത്തിലുള്ള കയറ്റം ഒഴിവാക്കി ജംഗ്ഷന്റെ വീതി കൂട്ടണം. വീതി കൂട്ടിയാൽ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുകയും ബസുകൾ നിറുത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാകുകയും ചെയ്യും. നെടുമൺക്കാവ് റോഡിന്റെ കവാടവും വീതി കൂടുന്നതോടെ ജംഗ്ഷനിലെ വാഹന തിരക്ക് കുറയും.

ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന പദ്ധതി

എഴുകോൺ ജംഗ്ഷനിലെ അപകട സാദ്ധ്യതാ കുറയ്ക്കുന്നതിനായി കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ ട്രാഫിക് സ്റ്റഡി നടത്തി ശേഷം ദേശീയ പാത ഡിസൈനിംഗ് വകുപ്പ് എഴുകോൺ ജംഗ്ഷനിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് കരട് രൂപ രേഖ തയ്യാറാക്കി. കൊട്ടാരക്കര ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ ദേശീയ പാതയിൽ കൂടെ തന്നെ കടത്തി വിട്ടശേഷം, കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മൂലകട വഴി നെടുമൺക്കാവ് റോഡിൽ പ്രവേശിച്ച് എഴുകോൺ ജംഗ്ഷനിൽ എത്തുക. നെടുമൺക്കാവ് റോഡ് മൂലകട ഭാഗത്ത് എലിവേറ്റഡ് പാലം നിർമ്മിച്ച് ദേശീയ പാതയമായി ബന്ധിപ്പിക്കുക എന്നീ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന പദ്ധതിയാണ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്.

കൊടിക്കുന്നിൽ സുരേഷ് എം.പി, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, ബ്ലോക്ക് അംഗം മിനി അനിൽ, ദേശീയ പാത പ്രോജക്ട് ഡയറക്ടർ പ്രദീപ് കുമാർ, കൊല്ലം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.എ. ജയ, അസി. എക്സിക്യുട്ടീവ് എൻജിനീയർ ജി.എസ്.ജ്യോതി, , അസിസ്റ്റന്റ് എൻജിനീയർമാരായ ലതിക, കീർത്തി, ലെയ്‌സൺ ഓഫീസർമാരായ എം.കെ .റഹ്മാൻ, ഹരീന്ദ്രനാഥ് എന്നിവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.