ഓച്ചിറ: വോളിബാൾ കോർട്ടിലെന്ന പോലെ, ജീവിതത്തിൽ അർബുദത്തോടു പൊരുതി നിൽക്കുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത പരിശീലകൻ മാത്യൂസിന്റെ നേട്ടങ്ങളിൽ ഇനി ഡോക്ടറേറ്റുമുണ്ടാവും. 2019 ആഗസ്റ്റ് ഏഴിന് മാത്യൂസ് സമർപ്പിച്ച പ്രബന്ധത്തിനാണ് മരണാനന്തര ബഹുമതിയെന്നോണം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. ആഗസ്റ്റ് 18നായിരുന്നു അന്ത്യം.
നിരവധി വർഷം എം.ജി യൂണിവേഴ്സിറ്റി പുരുഷ, വനിതാ ടീമുകളുടെ മാനേജരും കോച്ചുമായിരുന്നു തഴവ കുതിരപ്പന്തി കണ്ണമ്പള്ളിൽ മാത്യൂസ്. 2017ൽ കണ്ണൂരിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല വോളിബാൾ ടൂണമെന്റിൽ എം.ജി യൂണിവേഴ്സിറ്റി കീരീടം നേടുമ്പോൾ മാത്യൂസായിരുന്നു കോച്ച്. എറണാകുളം മഹാരാജാസ്, മൂന്നാർ ഗവ. കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹം അവസാന കാലഘട്ടത്തിൽ ചവറ ഗവ. കോളേജിൽ കായികാദ്ധ്യാപകനായിരുന്നു. 1992ൽ ഗ്വാളിയർ എൽ.എൻ.സി.പിയിൽ നിന്നാണ് ഫിസിക്കൽ എഡ്യുക്കേഷനിൽ പി.ജിയെടുത്തത്.
'സൈക്കോളജിക്കൽ ആന്റിസഡൻസ് ഒഫ് കോച്ചിംഗ്, ആൻ എക്സ്‌പ്ളേറ്ററി സ്റ്റഡി എമംഗ് വോളിബാൾ കോച്ചസ്' എന്നതായിരുന്നു മാത്യൂസിന്റെ ഗവേഷണ വിഷയം. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫ. ഡോ.അനിൽ നാരായണന്റെ കീഴിലായിരുന്നു ഗവേഷണം.
ഒരുകാലത്ത് വോളിബാളിന്റെ ഈറ്റില്ലമായിരുന്നു തഴവ കുതിരപ്പന്തി. ദേശീയതലത്തിൽ വരെ കളിച്ച താരങ്ങളുടെ നാട്. പിന്നീട് കുതിപ്പന്തിക്ക് നഷ്ടപ്പെട്ട വോളിബാൾ പ്രതാപം വീണ്ടെടുക്കാനും മാത്യൂസ് ശ്രമം നടത്തിയിരുന്നു. കുതിരപ്പന്തി പരിഷ്കാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല കോച്ചിംഗ് ക്ലാസിലൂടെ നിരവധി പ്രതിഭകളെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.