കൊല്ലം: വെഹിക്കിൾ ബാറ്ററി ചാർജറുകൾ നിർമ്മിച്ചു മാതൃകയായിരിക്കുകയാണ് പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം.
കോളേജിൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ പുനരാരംഭിക്കാനായി കോളേജ് ബസിന്റെ ബാറ്ററികൾ ചാർജ് ചെയ്യാനാണ് ചിലവ് കുറഞ്ഞ രീതിയിൽ ബാറ്ററി ചാർജറുകൾ വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥി അസോസിയേഷൻ ഭാരവാഹികളായ ആര്യ സന്തോഷ്, മീര മാധവൻ, ഹരി ഗോവിന്ദ്, എൻ. നൗഫിയ, ലാബ് ജീവനക്കാരായ വിജി വിനയൻ, റെജി, പ്രിയങ്ക എന്നിവരാണ് നിർമ്മാണത്തിന് നേതൃത്വംനൽകിയത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി പ്രൊഫ. എ.എസ്. രേഷ്മ മോഹൻ, പ്രൊഫ. എ. ഷാഹുൽ ഹമീദ്, പ്രൊഫ. ജെ. ശങ്കർ തുടങ്ങിയവർ പൂർണ പിന്തുണ നൽകി.
വികസിപ്പിച്ചെടുത്ത ബാറ്ററി ചാർജർ യു.കെ.എഫ് കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ ജിബി വർഗീസ് കമ്മിഷൻ ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ബാറ്ററി ചാർജർ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.എൻ. അനീഷ് അറിയിച്ചു.