കൊല്ലം: മർദ്ദിച്ചത് ചോദ്യം ചെയ്തയാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച, സഹോദരങ്ങളായ യുവാക്കൾ പിടിയിൽ. തൃക്കോവിൽവട്ടം ചേരിക്കോണം സൗമ്യ ഭവനിൽ രാജീവ് (40), അനുജൻ സജീവ് (38) എന്നിവരാണ് പിടിയിലായത്.
ചേരിക്കോട് സ്വദേശിയായ ഉണ്ണിക്കാണ് കുത്തേറ്റത്. ഉണ്ണിയും കൂട്ടുകാരും വൈകുന്നേരങ്ങളിൽ തന്റെ വീടിനു സമീപം തമ്പടിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മുമ്പ് സജീവ് വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം സജീവും ഭാര്യയുമായുണ്ടായ വഴക്കിനിടെ ഇടപെട്ട ഉണ്ണിയെ ഇയാൾ മർദ്ദിച്ചു. തുടർന്ന് കഴിഞ്ഞ രാത്രി വീടിനടുത്തെത്തിയ യുവാവിനെയും സുഹൃത്തിനെയും സഹോദരങ്ങളായ പ്രതികൾ തടഞ്ഞു നിറുത്തുകയും വക്കേറ്റത്തിനിടെ സജീവ് കത്തി ഉപയോഗിച്ച് ഉണ്ണിയുടെ വാരിയെല്ലിന് സമീപം കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉണ്ണിയുടെ പിതാവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. ഉണ്ണി പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണനല്ലൂർ സബ് ഇൻസ്‌പെക്ടർമാരായ ഡി. സജീവ്, തുളസീധരൻപിളള, എ.എസ്.ഐ മെൽവിൻ റോയി, ജോസ്, സി.പി.ഒമാരായ സുധ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.