ചാത്തന്നൂർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. ആദിച്ചനല്ലൂർ മൈലക്കാട്ചെറ്റ അടിയിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (43) ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടിയത്.
14 കാർട്ടൺ ബോക്സുകളിൽ 500 മില്ലിയുടെ 207 കുപ്പി മദ്യമാണ് സൂക്ഷിച്ചിരുന്നത്. അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്ക് കച്ചവടം ചെയ്യാൻ വിവിധ വിദേശമദ്യ ഷോപ്പുകളിൽ നിന്നു പല ദിവസങ്ങളിലായിട്ടാണ് മദ്യം വാങ്ങിയത്. ഒരു മാസത്തോളമായി ഇയാൾ ഷാഡോ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടിയം, പരവൂർ, തട്ടാമല, പള്ളിമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മദ്യവില്പന. മൊത്തവില്പനയും ഉണ്ടായിരുന്നു. ആവശ്യക്കാർ അറിയിക്കുന്നതനുസരിച്ച് മദ്യം സ്ഥലത്തെത്തിക്കുമായിരുന്നു. ശ്രീജിത്ത് മുമ്പ് കോഴിക്കട, മൊബൈൽ കട എന്നിവ നടത്തിയിട്ടുണ്ട്. ഇവ തകർന്നപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യക്കച്ചവടം ആരംഭിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പിടികൂടിയ മദ്യത്തിന് രണ്ടുലക്ഷത്തോളം രൂപ വരും.
'ഓപ്പറേഷൻ ചെയ്സ്' എന്ന പേരിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, പ്രിവന്റീവ് ഓഫീസർ നിഷാദ്, ആർ.ജി. വിനോദ്, ബ്രിജേഷ്, ശിഹാബ്, സി.ഇ.ഒമാരായ ജ്യോതി, വിഷ്ണു, അനീഷ്, അഖിൽ,വിൽഫ്രഡ്., ഡബ്ളിയു.സി.ഒ ഷൈനി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ജോൺ എന്നിവർ പങ്കെടുത്തു.