പുത്തൂർ : പ്ളാസ്റ്റിക് മറച്ച കുടിലിലെ ഒറ്റയ്ക്കുള്ള ദുരിതജീവിതത്തിൽ നിന്ന് ഗോമതിയ്ക്ക് ഇനി സായന്തനത്തിന്റെ സ്നേഹത്തണൽ. വയോജന ദിനമായ ഇന്നലെ പുത്തൂർ ജനമൈത്രി പൊലീസാണ് കുളക്കട കുറ്ററ തോയ്ത്തല ചരുവിളമേലതിൽ ഗോമതിയെ(80) പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെത്തിച്ചത്. ഭർത്താവിന്റെ മരണത്തോടെ പതിനഞ്ച് വർഷമായി കുറ്ററയിലെ പുറമ്പോക്ക് ഭൂമിയിൽ ചെറ്റക്കുടിലിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഗോമതി. വാർദ്ധക്യത്തിന്റെ അവശതകൾ ഏറിവന്നതോടെ മക്കളില്ലാത്ത ഗോമതിയുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. പുത്തൂർ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ചുമതലയുള്ള എസ്.ഐ ആർ.രാജീവൻ ഗോമതിയുടെ അവസ്ഥ ബോദ്ധ്യപ്പെട്ട് പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വാർഡ് മെമ്പർ മഞ്ജുവിനൊപ്പം പുത്തൂർ സി.ഐ ജി.സുഭാഷ് കുമാർ, എസ്.ഐ ആർ.രാജീവൻ, സി.പി.ഒ പ്രദീപ്, ഡബ്ള്യു.സി.പി.ഒ അഞ്ജു, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി.അംഗം രാജൻ ബോധി, പൊതുപ്രവർത്തകരായ ബിനീഫ്, രാജീവ് എന്നിവർ ചേർന്ന് ഗോമതിയെ സായന്തനത്തിലെത്തിച്ചു. സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി.രവീന്ദ്രൻ പിള്ള, ഹോംമാനേജർ ജയശ്രീ എന്നിവർ ചേർന്ന് ഗോമതിയെ ഏറ്റുവാങ്ങി. തുടർന്ന് നടന്ന വയോജന സമ്മേളനം പുത്തൂർ സി.ഐ ജി.സുഭാഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഗോമതിയ്ക്ക് ഇനിയുള്ള സ്നേഹ പരിചരണങ്ങളും ആഹാരവും മരുന്നുമടക്കം സായന്തനം നൽകുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു.