പത്തനാപുരം : ഗാന്ധിഭവൻ ഷെൽട്ടർ ഹോമിന്റെയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോൺ അദ്ധ്യക്ഷനായി. പതിനഞ്ചാം വയസിൽ വീട് വിട്ട് അന്യനാടുകളിൽ പോയി ജോലിയെടുത്ത് ജീവിക്കുകയും വിവിധ ഭാഷകളിൽ പ്രാവീണ്യം നേടുകയും വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടിയപ്പോൾ നാട്ടിൽ തിരികെയെത്തിയ അഞ്ചൽ ഏരൂർ സ്വദേശിയും 96കാരനുമായ അബ്ദുൾ മജീദിനെ രാജാവായും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് ഗാന്ധിഭവനിലെത്തിയ പഴയകാല കമ്മ്യൂണിസ്റ്റ് സമരനായികയായ ലളിതമ്മയെ രാജ്ഞിയായും അഭിഷേകം ചെയ്തു. ചടങ്ങിൽ നടൻ ടി.പി. മാധവൻ, കുരീപ്പള്ളി സലീം എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.