photo
പൂർണ്ണമായും തകർന്ന് കിടക്കുന്ന കരുനാഗപ്പള്ളി കല്ലുംമൂട്ടിൽക്കടവ് റോഡ്.

കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന കരുനാഗപ്പള്ളി - കല്ലുമൂട്ടിൽക്കടവ് റോഡ് മരണക്കെണിയായി മാറുന്നു. റോഡിൽ ഉടനീളം രൂപപ്പെട്ട അറാം കുഴികളാണ് കാൽനട യാത്രക്കാർക്കും വാഹനയാത്രാർക്കും ഭീഷണിയായി മാറുന്നത്. 4 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിൽ കുണ്ടും കുഴികളും ഇല്ലാത്ത ഭാഗങ്ങൾ വിരളമാണ്.മഴ പെയ്തു തുടങ്ങിയതോടെ റോഡിൽ അപകടങ്ങൾ പെരുകുന്നു. മഴ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് പതിവ് കാഴ്ചയാണ്

അറ്റകുറ്റപ്പണികളില്ലാതെ

കരുനാഗപ്പള്ളി താലൂക്കിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആദ്യമായി നിർമ്മിച്ച റോഡാണിത്. 16 വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. 10 വർഷമായിരുന്നു റോഡിന്റെ ഗ്യാരണ്ടി. ഈ കാലയളവിൽ റോഡിന് തകർച്ച ഉണ്ടായാൽ അറ്റകുറ്രപ്പണികൾ നടത്തി റോഡ് സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം കരാറുകാരനായിരുന്നു. റോഡിന്റെ ഗ്യാരണ്ടി കാലയളവ് കഴിഞ്ഞ് വീണ്ടും 6 വർഷങ്ങൾ പിന്നിടുമ്പോഴാണ് റോഡ് തകരാൻ തുടങ്ങിയത്. റോഡ് തകർന്ന് തുടങ്ങിയപ്പോൾ ബന്ധപ്പെട്ടവർ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ റോഡ് കുണ്ടും കുഴിയുമായി മാറുമായിരുന്നില്ല. ഇപ്പോൾ റോഡ് പൂർണമായും ടാർ ചെയ്തെങ്കിൽ മാത്രമേ സഞ്ചാരയോഗ്യമാക്കാൻ കഴിയുകയുള്ളു.

അധികൃതരുടെ അനാസ്ഥ

അധികാരത്തിൽ ഇരിക്കുന്നവർ കാട്ടുന്ന അനാസ്ഥയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റോഡിന്റെ ശോച്യാവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. 2004 ൽ ഉണ്ടായ സുനാമി ദുരന്തത്തെ തുടർന്നാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിരുന്നു. സുനാമി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. ഇതോടനുബന്ധിച്ചാണ് കല്ലുമൂട്ടിൽക്കടവ് പാലത്തിന്റെ നിർമ്മാണവും പൂർത്തിയാക്കിയത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതു വഴി കടന്ന് പോകുന്നത്. കായംകുളം ഫിഷിംഗ് ഹാർബറിലേക്കുള്ള മുഴുവൻ വാഹനങ്ങളും കടന്ന് പോകുന്നത് ഇതു വഴിയാണ്. . കരുനാഗപ്പള്ളി, ആലപ്പാട് എന്നിവിടങ്ങളിലൂടെ പോകുന്ന തീരദേശ റോഡുകളുമായി ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.