കൊല്ലം: സി.പി.എം ബ്രാഞ്ച് സമ്മേളനം തുടങ്ങാനായി പതാക ഉയർത്തുന്നതിനിടെ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും. ഇതിനിടെ ഒരാൾ കത്തിയുമായി നിൽക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. എന്നാൽ, ഇത് സംഘർഷം നടക്കവേ സ്ഥലത്തെത്തിയ കള്ളുചെത്ത് തൊഴിലാളിയാണെന്ന് സി.പി.എം നേതാക്കൾ പിന്നീട് വിശദീകരിച്ചു.
കോട്ടാത്തല ലോക്കൽ കമ്മിറ്റിയിൽപ്പെട്ട ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിലായിരുന്നു സംഘർഷം. പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തനത്തിന് ഇറങ്ങാത്തവർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ പ്രവർത്തകരായ ജയേഷും ജോഷിയും ഇതുപറഞ്ഞ് ഒച്ചപ്പാടുണ്ടാക്കി. ഇവരെ ഉൾപ്പെടുത്തി സമ്മേളനം നടത്താനാകില്ലെന്ന് ഇവർ നിലപാടെടുത്തതോടെ പാർട്ടി അംഗത്വത്തിൽ ഉള്ളവർക്കെല്ലാം സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് ഉദ്ഘാടകനായ എൻ.ബേബി പറഞ്ഞു. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശവാസികളും തടിച്ചുകൂടി. സംഘർഷം ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുള്ളതിനാൽ മൊബൈലിൽ വീഡിയോ ചിത്രീകരണത്തിന് ആളെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കത്തിയുമായി ഒരാൾ നിൽക്കുന്നത് ചിത്രീകരിക്കപ്പെട്ടത്. വൈകാതെതന്നെ ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. തുടർന്നാണ് സി.പി.എം വിശദീകരണം നൽകിയത്. തർക്കത്തെത്തുടർന്ന് സമ്മേളനം മാറ്റിവച്ചു.