123-
ആദർശ്

കൊല്ലം: മദ്യവിൽപ്പന ശാല തുറന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാത്തതിന്റെ വൈരാഗ്യത്തിൽ വിമുക്ത ഭടനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് ഒന്നര മാസത്തിന് ശേഷം പിടിയിലായി. വടക്കേവിള പുന്തലത്താഴം പെരുങ്കുളം നഗറിൽ നാഥന്റങ്ങ് വീട്ടിൽ ആദർശിനെയാണ് (28) ഇരവിപുരം പൊലീസ് അറസ്റ്ര് ചെയ്തത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച മയ്യനാട് ആക്കോലി ചേരിയിൽ ജിഷ്ണു ഭവനിൽ ജിഷ്ണുവിനെയും (23) പൊലീസ് കസ്റ്റഡിയിലെടുത്തു. മുള്ളുവിള സ്വദേശി മോഹനൻ നായരെയാണ് (55) പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ജൂലായ് 18ന് വൈകിട്ടായിരുന്നു സംഭവം. മുള്ളുവിള എസ്.എൻ പബ്ളിക് സ്‌കൂളിന് സമീപത്തുള്ള ചീപ്പ് പാലത്തിൽ വച്ച് മോഹനൻ നായരെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയും മൂക്കെല്ല് തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനൻ നായർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ആദർശ്, മയ്യനാട് ധവളക്കുഴിക്ക് സമീപം ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളും സഹായിയും പിടിയിലായത്.

കൊട്ടിയം, കിളികൊല്ലൂർ, കൊല്ലം ഈസ്​റ്റ്, ഇരവിപുരം സ്​റ്റേഷനുകളിലായി ഒൻപത് വധശ്രമ കേസ്, ഒരു പോക്‌സോ കേസ്, ഒരു കവർച്ചാ കേസും കൊല്ലം എക്‌സൈസിൽ കഞ്ചാവ് കടത്തിയതിന് ഒരു കേസും നിലവിലുള്ള ആദർശ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറ‌ഞ്ഞു. കൊല്ലം അസി. കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ എം.കെ. പ്രകാശ്, ജെ. ജയേഷ്, എസ്.സി.പി.ഒമാരായ മനോജ്കുമാർ, അനിൽകുമാർ, സുമേഷ് ബേബി, സി.പി.ഒമാരായ ദീപു, ആന്റണി തോമസ്, അഭിലാഷ്, ബിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.