ashtamudi-
അഷ്ടമുടിക്കായൽ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത മന്ത്റി കെ.എൻ. ബാലഗോപാൽ ബോട്ടിൽ സഞ്ചരിച്ച് കായലിലെ മാലിന്യം കോരിമാറ്റുന്നു

കൊല്ലം: ശുദ്ധജല ലഭ്യതയ്ക്കായി സംസ്ഥാനത്തെ ജലസ്രോതസുകളുടെ സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നഗരസഭയുടെ അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താകെയുള്ള കായലുകളുടെ സംരക്ഷണം, ഡാമുകളുടെ ആഴം കൂട്ടൽ, നദികളുടെ വീണ്ടെടുപ്പ് എന്നിവയ്ക്കായി സർക്കാർ 50 കോടി രൂപ ഈവർഷം ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. കായൽ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി ലിങ്ക് റോഡിൽ നിന്നുള്ള മാലിന്യമൊഴുക്ക് തടയുകയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതികൾ നടപ്പിലാക്കുമെന്നും മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. മന്ത്റി കെ.എൻ. ബാലഗോപാലിനൊപ്പം കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്​റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സബ് കളക്ടർ ചേതൻ കുമാർ മീണ എന്നിവരും കായൽ ശുചീകരണത്തിൽ പങ്കാളികളായി.

കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 16 കടവുകളിലായി തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ, വിദ്യാർത്ഥികൾ, മത്സ്യത്തൊഴിലാളികൾ, കക്കവാരൽ തൊഴിലാളികൾ, സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും ശുചീകരണത്തിനിറങ്ങി. ഈ മാസം 8 വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കക്ക വാരൽ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് അടിത്തട്ടിലെ പ്ലാസ്​റ്റിക് സംഭരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.