കരുനാഗപ്പള്ളി: മനുഷ്യന് തിരിച്ചറിവും വിവേകവും പകർന്നുനൽകുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ അനാവശ്യമായ മത്സരത്തിനോ താരതമ്യത്തിനോ പ്രസക്തിയില്ലെന്ന് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക്ക് പാഷ പറഞ്ഞു. കേരള റൂറൽ ഡെവലപ്‌മെന്റ് ഏജൻസിയുടെ രണ്ടാം ഗുരുസേവാ പുരസ്‌കാര സമർപ്പണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹപാഠിയുടെ തലയറക്കുന്നതല്ല, ചേർത്ത് പിടിക്കുന്നതാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ആർ. മഹേഷ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരാജയപ്പെടുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ ദുരന്തമാണ് പാലയിലെ പെൺകുട്ടിയുടെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ. എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി സമൂഹത്തിനും പൊതു സമൂഹത്തിനും മാതൃകയായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
എം.എ. അബ്ദുൾ ഷുക്കൂർ (വടക്കുംതല എസ്.വി.പി.എം എച്ച്.എസ്), ഐ. അനിതകുമാരി ( കുതിരപ്പന്തി ഗവ. എൽ.പി.എസ് ), അൻസാർ (കുലശേഖരപുരം ജി.എം.എച്ച്.എസ്.എസ്) എൽ.കെ. ദാസൻ ( ക്ലാപ്പന എസ്.വി.എച്ച്.എസ്. എസ്) എന്നിവർ ഗുരുസേവാ പുരസ്‌കാരം ഏറ്റുവാങ്ങി.
യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ അഫ്‌നാൻ എൻ. മൻസാർ, എസ്. ഷഹാന, എസ്. പാർവതി, അസീസാ ബാനു, ഫാത്തിമ, ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ വിജയം നേടിയ സൗദത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ. ആർ.ഡി.എ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. അനിൽ മുഹമ്മദ് അനുമോദന പത്രം വായിച്ചു. കൈതവനത്തറ ശങ്കരൻകുട്ടി, അഡ്വ. ജി.വി. ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണൻ കുശസ്തലി, നൗഫൽ പുത്തൻപുരയ്ക്കൽ, രാധാകൃഷ്ണപിള്ള, ഫസൽ അഹമ്മദ് എന്നിവർ സംസാരിച്ചു.