അഞ്ചൽ: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. പഞ്ചായത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന മുന്നണി പോരാളികളായ ഹരിതകർമ്മ സേനാ പ്രവർത്തകരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ഇവർക്ക് യൂണിഫോമും വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഉദ്ഘാടനവും യൂണിഫോം വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, അംഗങ്ങളായ രാജി, ഡോൺ വി. രാജ്, നസീർ, അനുരാജ്, സുമൻ, സിജിത, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, സന്തോഷ്, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.