ശാസ്താംകോട്ട : കാരാളിമുക്ക് - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. അറവു മാലിന്യവും ഹോട്ടൽ മാലിന്യവും ചാക്കിലാക്കി റോഡിലും വശങ്ങളിലുമായി വലിച്ചെറിയുകയാണ്. മാലിന്യങ്ങളുടെ രൂക്ഷമായ ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും കാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാവില്ല. വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ കൂടാതെ കോഴിഫാമുകളിൽ നിന്നുള്ള മാലിന്യങ്ങളും കശാപ്പ് ശാലകളിലെ അവശിഷ്ടങ്ങളും ഇവിടെയാണ് ഇടുന്നത്. രാത്രിയിൽ ചാക്ക് കെട്ടുകളിലാക്കിയ മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ചാണ് തള്ളുന്നത്. തെരുവ് നായ്ക്കൾ കടിച്ച് കീറിയും വാഹനങ്ങൾ കയറിയിറങ്ങിയും മാലിന്യം നാലുവശവും ചിതറിക്കിടക്കുകയാണ്.
തെരുവു നായ്ക്കളുടെ ശല്യവും
ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. യാത്രക്കാരെയും പരിസര വീടുകളിലെ വളർത്തുമൃഗങ്ങളുടെ നേരെയും തെരുവു നായ്ക്കൾ ആക്രമിക്കുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനായി 14 ലക്ഷം രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതി പുതിയ ഭരണസമിതി ഉപേക്ഷിക്കുകയായിരുന്നു. കാമറ സ്ഥാപിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള തട്ടിപ്പായിരുന്നു.
പ്രശാന്ത് പതിയിൽ
യൂത്ത് കോൺഗ്രസ്
കുന്നത്തൂർ നിയോജക മണ്ഡലം സെക്രട്ടറി