തഴവ : ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു . മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് , ആലത്തൂർ സ്വദേശികളായ ലോറി ഡ്രൈവർ നൗഷാദ്, ലോറിയിലുണ്ടായിരുന്ന അൻസാരിക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. മൂവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10.30 നോടെ ദേശീയ പാതയിൽ പുതിയകാവ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയിൽ നിന്ന് റബർ പാൽ നിറച്ചിരുന്ന വലിയ വീപ്പകൾ തെറിച്ച് വീണ് എതിർ ദിശയിൽ നിന്നു വന്ന കാറിന് കേടുപാടുണ്ടായി. എന്നാൽ കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നെടുമങ്ങാട് നിന്ന് റബർ പാലും കയറ്റി പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത് . ഡിവൈഡറിൽ സിഗ്നൽ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായത്. പൊലീസും ഫയർഫോഴ്സും എത്തി ക്രെയിൻ ഉപയോഗിച്ച് ഏറെ സമയമെടുത്താണ് അപകടത്തിൽ പെട്ട ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ലോറിയിൽ നിറയെ റബർ നിറച്ച വീപ്പകൾ ആയിരുന്നു ലോറിയിൽ നിന്ന് പുറത്തേക്ക് റോഡിലും ഇരുവശത്തും വീപ്പകൾ ചിന്നി ചിതറിയ നിലയിലായിരുന്നു.