പത്തനാപുരം : വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കും ഷീറ്റടിപ്പുരയ്ക്കും തീപിടിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. പട്ടാഴി താഴത്ത് വടക്ക് കുളങ്ങരക്കാല പുത്തൻ വീട്ടിൽ ആസാദിന്റെ പുകപ്പുരയ്ക്കും ഷീറ്റടിപ്പുരയ്ക്കുമാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഷീറ്റിന് പുക ഇടുന്നതിനിടെയാണ് തീ പടർന്നത്. സമീപത്തെ വീടുകളിലേക്ക് തീപടർന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാർ വിവരം അറിയിച്ച് ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. ഏകദേശം 50 കിലോയിലധികം റബർ ഷിറ്റ് കത്തിനശിച്ചു. നാട്ടുകാർക്കൊപ്പം തീ അണയ്ക്കുന്നതിനിടെ വീട്ടുടമ ആസാദിന് പൊള്ളലേറ്റു. ആസാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.