തൊടിയൂർ: മഹാത്മാഗാന്ധിയോടുള്ള അടങ്ങാത്ത ആരാധനയിൽ 2400ൽ അധികം ഗാന്ധിപ്രതിമകളുണ്ടാക്കി ലോകത്തിന് സമ്മാനിച്ച ഒരപൂർവ ശില്പിയുണ്ട് ആലപ്പുഴയിൽ!. അത് ഗാന്ധിയൻ ആശയങ്ങളുടെ പതാകവാഹകനായ ഡോ. ബിജു ജോസഫ് മാവേലിക്കരയാണ്.
നാടൊട്ടാകെ ഗാന്ധി പ്രതിമകൾ സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിനു പിന്നിൽ ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ സംശയമാണെന്ന് ബിജു പറയുന്നു. ''ഗാന്ധിപ്രതിമ കണ്ട ആ കുട്ടി എന്നോട് ചോദിച്ചു, ഇത് മാൻഡ്രേക്കിന്റെ പ്രതിമയാണോ എന്ന്. ആദ്യം ഞാൻ കരുതി ചെയ്തതിലുള്ള പ്രശ്നമാകുമെന്ന്, എന്നാൽ ആ കുട്ടിയുടെ അറിവില്ലായ്മയാണെന്ന് മനസിലായതോടെ ആ കുട്ടിയുടെ സ്കൂളിലടക്കം എല്ലായിടത്തും ഗാന്ധിപ്രതിമകൾ പ്രചരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു''.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അമേരിക്കയിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ 2018ൽ അമേരിക്കയിലെ ലോംഗ് ഐലൻഡിലും ബിജു ജോസഫ് നിർമ്മിച്ച ഗാന്ധി പ്രതിമ സ്ഥാപിച്ചു. സംസ്ഥാനത്തെ ചില ജില്ലാ കളക്ടറേറ്റുകൾ, ഇതര സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, മറയൂർ ഉൾപ്പടെയുള്ള ആദിവാസിമേഖകൾ എന്നിവിടങ്ങളിലൊക്കെ അദ്ദേഹം നിർമ്മിച്ചു നൽകിയ രാഷ്ട്രപിതാവിന്റെ ശില്പം തല ഉയർത്തി നിൽപ്പുണ്ട്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ഗാന്ധിജിയുടെ പേരക്കുട്ടികളായ ഇളാഗാന്ധി, തുഷാർ ഗാന്ധി എന്നിവരും അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ച് പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ പീസ് യൂണിവേഴ്‌സറ്റി ഓണററി ഡോക്ടറേറ്റ് നൽകി ബിജുവിനെ ആദരിച്ചു.
ജമാ ജോണാണ് ഭാര്യ. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അമല ജോൺ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ഗാന്ധിജോസഫ് ജോൺ എന്നിവർ മക്കളാണ്. ഫോൺ: 9388875958.
കൂടുതൽ ഗാന്ധി പ്രതിമകൾ കൊല്ലത്ത്
ഏറ്റവും കൂടുതൽ ഗാന്ധി പ്രതിമകൾ നിർമ്മിച്ചു നൽകിയത് കൊല്ലം ജില്ലയിലാണ് (60 എണ്ണം). ഏറ്റവുമധികം ഗാന്ധിപ്രതിമകൾ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് ക്ലാപ്പനയും(16 എണ്ണം). ജില്ലയിൽ ഇത്രയധികം ഗാന്ധി പ്രതിമകൾ നിർമ്മിച്ചു നൽകുന്നതിന് പിന്തുണ നൽകിയത് സി.ആർ. മഹേഷ് എം.എൽ.എയാണെന്ന് ബിജു ജോസഫ് പറയുന്നു. ശില്പങ്ങളിൽ ഏറിയപങ്കും സൗജന്യമായിട്ടാണ് ഇതിനകം നിർമ്മിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ ചെലവിനാവശ്യമായ പണം ബന്ധപ്പെട്ടവരിൽ നിന്ന് വാങ്ങാതെ പ്രവർത്തനം തുടരാനാവാത്ത സഹചര്യമാണെന്ന് അദ്ദേഹം പറയുന്നു.
ഗാന്ധിജിയുടെ പാദസ്പർശമേറ്റ സബർമതിയിലെ മണ്ണും പ്രതിമ സ്ഥാപിക്കുന്ന ഇടങ്ങളിൽ സൂക്ഷിക്കാനായി ബിജു നൽകാറുണ്ട്.