ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പത്തനാപുരം : മുള്ളുമല ഗിരിജൻ കോളനിയിലെ 17വയസുകാരിയായ പെൺകുട്ടിയുടെ മരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസറാണ് മരണകാരണം സ്ഥിരീകരിച്ചത്. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് ചില ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പത്തനാപുരം മുള്ളുമല ആദിവാസി ഗിരിജൻ കോളനിയിൽ പൊടിമോൻ - പരേതയായ രാധ ദമ്പതികളുടെ ഇളയ മകൾ കുങ്കു എന്ന ആർച്ചയാണ് മരിച്ചത്.
സഹോദരിക്കൊപ്പം അടൂരിലെ തൊഴിൽ സ്ഥാപനത്തിൽ പോയ പെൺകുട്ടി തിരികെയെത്തിയപ്പോൾ രക്തസ്രാവമുണ്ടായിരുന്നെന്നും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
അടൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് പെൺകുട്ടിയുടെ മൂത്ത സഹോദരി ജോലി ചെയ്തുവന്നത്. ഒരാഴ്ച സഹോദരിക്കൊപ്പം അടൂരിലെ ജോലി സ്ഥലത്തായിരുന്നു പെൺകുട്ടി. അടൂരിൽ നിന്ന് വീട്ടിലെത്തിയ കുങ്കുവിനെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് വേറെ ആശുപതിയിലേക്ക് റഫർ ചെയ്തെങ്കിലും ബന്ധുക്കൾ പത്തനംതിട്ട ളാഹയിലുള്ള മന്ത്രവാദിയെ കാണിക്കാനായി കൊണ്ടുപോകവേയാണ് വഴിമദ്ധ്യേ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാതായത്. തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.