v
ഡോ. പി. അശോക് ബാബു

അപൂർവ്വമായ ഒരു പ്രണയകഥയാണ് ഡോ. പി. അശോക് ബാബുവിന്റെ ജീവിതം. നായകൻ അശോക് ബാബു തന്നെ. നായിക ചിത്രകലയും. നല്ല ചിത്രങ്ങളെ സ്നേഹിച്ച അദ്ദേഹം മനോഹരമായ വരകളെക്കുറിച്ചുള്ള വാർത്തകളെ മരം ചുറ്റി പ്രണയിച്ചു. പിന്നീട് വിജ്ഞാനപ്രദമായ വാർത്തകളെയും പ്രണയിച്ച് തുടങ്ങി. അവ സ്വന്തം കൈപ്പടയിൽ എഴുതിസൂക്ഷിക്കാൻ തുടങ്ങി. ഇപ്പോൾ വിലമതിക്കാനാകാത്ത അറിവുകൾ നിറഞ്ഞ നിധിപ്പുരയുടെ ഉടമയാണ് ഡോ. പി. അശോക് ബാബു. ചരിത്രത്തിലെയും ശാസ്ത്രത്തിലെയും ഏത് സമസ്യകളുടെയും ഉത്തരവും അശോക്ബാബുവിന്റെ നിധിപ്പുരയിൽ നിന്ന് ലഭിക്കും.

ഓച്ചിറ വയനം വി.എച്ച്.എസ്.എസിലെ ചിത്രകല ആദ്ധ്യാപകനായിരുന്ന അശോക്ബാബു യാദൃശ്ചികമായാണ് ചിത്രകലയെപ്പറ്റി പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിക്കാൻ തുടങ്ങിയത്. പ്രധാനപ്പെട്ട മറ്റ് വാർത്തകളും ശേഖരിക്കാൻ തുടങ്ങി. പലരും വാർത്തകൾ അതേപടി വെട്ടിയെടുത്ത് ഒട്ടിച്ച് സൂക്ഷിക്കുകയാണ് പതിവ്. പക്ഷെ അശോക് ബാബു വാർത്തകളിലെ പ്രധാനപ്പെട്ട വിവരങ്ങൾ വടിവൊത്ത കൈയക്ഷരത്തിൽ പുസ്തകങ്ങളിൽ പകർത്തുകയായിരുന്നു. ചിത്രങ്ങൾ വെട്ടിയെടുത്ത് വിവരങ്ങൾക്കിടയിൽ പതിക്കും. ഇങ്ങനെ ലോകനേതാക്കളുടെ ജീവചരിത്രം, അവരുടെ മരണം, ശാസ്ത്രനേട്ടങ്ങൾ, ലോകത്തെ നടുക്കിയ സംഭവങ്ങൾ, പ്രശസ്തരുടെ നേട്ടങ്ങൾ, കോട്ടങ്ങൾ, കാർട്ടൂണുകൾ, ശ്രദ്ധേയമായ വ്യക്തിത്വങ്ങളെപ്പറ്റി വരുന്ന വാർത്താക്കുറിപ്പുകൾ... അങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം അശോക് ബാബുവിന്റെ നോട്ടുബുക്കുകളിൽ നിറഞ്ഞു.

37 വർഷം മുമ്പ് 1985ൽ തുടങ്ങിയ വ്യത്യസ്ത ചിത്രകലാരീതി അശോക് ബാബു ഇന്നും തുടരുന്നു. അത് അദ്ദേഹത്തിന് ദേശീയ അവാർഡുകൾക്കൊപ്പം രാജ്യാന്തര സംഘടനയുടെ ഓണററി ഡോക്ടറേറ്റും സമ്മാനിച്ചു. എ ഫോർ അളവിൽ 300 പേജുകളുള്ള ബുക്കിലാക്ക് വാർത്തകൾ ശേഖരിക്കുന്നത്. ഇപ്പോൾ 27-ാം പുസ്തകം തയ്യാറാക്കുകയാണ്. അദ്ദേഹത്തിന്റെ 27 പുസ്തകങ്ങളും കഴിഞ്ഞ 37 ആണ്ടിന്റെ സമഗ്രമായ ചരിത്രവും ചലനങ്ങളും തുടിപ്പുകളുമാണ്. 'കലാവിശേഷം' എന്നായിരുന്നു ആദ്യ ബുക്കുകളുടെ പേര്. നാലാമത്തെ ബുക്കു മുതൽ അത് 'വാർത്താ വിശേഷം' എന്നാക്കി. ഇതിൽ രാഷ്ട്രീയവും സാഹിത്യവും കലയും എല്ലാമുണ്ട്. അശോക്ബാബുവിന് ഇതൊരു തപസ്യയാണ്.

വാർത്ത എഴുതാത്ത ഒരു ദിവസം പോലുമില്ല. രാത്രിയിലാണ് എഴുത്ത്. ഈ യത്നം വാർത്തകളിലൂടെ അറിഞ്ഞ ഒരു വാർത്താസ്നേഹി യൂണിവേഴ്സൽ റെക്കാഡ് ഫോറം അധികൃതരെ അറിയിച്ചു. 2015ൽ യൂണിവേഴ്സൽ റെക്കാഡ് ഫോറം 'യു.ആർ.എഫ് ടോപ് ടാലന്റ് ഒഫ് ദി ഇയർ 2015' അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഒഫ് ഹയർ മാർഷൽ ആർട്സ് എഡ്യൂക്കേഷന് കീഴിലുള്ള ഇറാൻ ആസ്ഥാനമായ കൊളേജ് ഒഫ് മാർഷൽ ആർട്സ് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയും ആദരിച്ചു.

 മനോഹരവരകൾ

ഡോ. പി. അശോക് ബാബുവിന്റെ 'പരാശര-സത്യവതി സംഗമം' എന്ന പെയിന്റിംഗിന് കേരള ചിത്രകലാ പരിഷത്തിന്റെ സംസ്ഥാന അവാർഡും ഗോൾഡ് മെഡലും ലഭിച്ചു. പെരുമ്പടവം ശ്രീധരന്റെ 'രണ്ട് സങ്കടങ്ങൾ കണ്ടുമുട്ടിയപ്പോൾ', സുഗതകുമാരിയുടെ 'അമ്പലമണി', ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്നിവയും ബഷീർ, കേശവദേവ്, തകഴി, ഒ.വി.വിജയൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചും ചിത്രരചന നടത്തിയിട്ടുണ്ട്.

വയനകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ചിത്രകലാപഠനത്തിനായി പ്രത്യേക ആർട് ഗ്യാലറി തുടങ്ങിയത് അശോക്ബാബുവിന്റെ ശ്രമഫലമായാണ്. ശാന്തമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് ചിത്രരചന അഭ്യസിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച മുന്നൂറോളം പെയിന്റിംഗുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഓച്ചിറ മഠത്തിൽ കാരാഴ്മ ഗവ.എൽ.പി.എസിലും ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. ചിത്രകലയിൽ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ എന്നീ നിലകളിലും സംസ്ഥാനതലത്തിൽ ചിത്രകല അദ്ധ്യാപകരുടെ സഹായത്തിനുള്ള 'ഓൺ സപ്പോർട്ട് ഗ്രൂപ്പിലും' അംഗമായിട്ടുണ്ട്. ഓച്ചിറ പായിക്കുഴി അനന്തശ്രീയിലാണ് താമസം. ഓച്ചിറ പ്രയാർ കെ.വി പ്രയാർ ഗവ.എൽ.പി.എസിൽ നിന്ന് അദ്ധ്യാപികയായി വിരമിച്ച ബീനയാണ് ഭാര്യ. ആതിര, ആർദ്ര എന്നിവർ മക്കൾ. അനൂപ് മരുമകനാണ്.