മിന്നും താരങ്ങളുടെ സ്രഷ്ടാവാണ് ഡോ. എം.കെ. രാജു. കളിക്കളങ്ങളിൽ രഥവേഗങ്ങൾ സൃഷ്ടിക്കുന്ന ദ്രോണർ. പ്രതിഭകളെ സൃഷ്ടിക്കുക എന്ന നിയോഗമാണ് അദ്ദേഹത്തെ ഈശ്വരൻ ഏൽപ്പിച്ചിരിക്കുന്നത്. ആ നിയോഗം നിറവേറ്റാൻ രാപകലില്ലാത്ത അദ്ധ്വാനം. ഈ അദ്ധ്വാനത്തിൽ ഇവിടെ പിറന്ന താരങ്ങൾക്ക് കണക്കില്ല. കായിക പരിശീലകൻ മാത്രമായി അദ്ദേഹം ചുരുങ്ങിനിൽക്കുന്നില്ല. കണ്ണീർ മുഖങ്ങളിൽ പുഞ്ചിരി പരത്തുന്ന നന്മയുടെ പൂമരം കൂടിയാണ് ഡോ. എം.കെ. രാജു.
കോട്ടയം കടുത്തുരുത്തിയിലായിരുന്നു ഡോ.എം.കെ. രാജുവിന്റെ ജനനം. 1988ൽ കായിക അദ്ധ്യാപകനായി തഴവ ഹൈസ്‌കൂളിൽ നിയമനം ലഭിച്ചു. തഴവ സ്‌കൂളിന്റെ ചെറിയ കളിക്കളത്തിൽ നിന്നു പുതിയ താരങ്ങൾ ഉദിച്ചുയർന്നു. സ്കൂൾ ഗ്രൗണ്ടിനപ്പുറം ഗ്രാമത്തിലെ ഇടവഴികളും നടവഴികളും അദ്ദേഹം പരിശീലന കളരിയാക്കി. മുന്നിലെത്തുന്ന മിടുക്കന്മാരെ രാകി മിനുക്കി സ്വർണം പോലെ മിന്നിച്ചു. അങ്ങനെ പിറന്ന താരങ്ങൾക്ക് കണക്കില്ല. അവരിൽ പലരും ഇപ്പോൾ കളിക്കളങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മറ്റ് ചിലർ കായിക നേട്ടങ്ങളുടെ പിൻബലത്തിൽ ഉന്നത ഉദ്യോഗങ്ങൾ സ്വന്തമാക്കി.
ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബാൾ, ഖോ-ഖോ, കബഡി, ഹാൻഡ് ബാൾ, വോളീബാൾ, ഷട്ടിൽ ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് തുടങ്ങിയവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ദേഹം പരിശീലനം നൽകുന്നു. മുന്നിലെത്തുന്ന വിദ്യാർത്ഥിയെ രാജു മാഷ് നന്നായി വിലയിരുത്തും. അവരുടെ മനശക്തിയും പ്രതിഭയും തിരിച്ചറിയും എന്നിട്ട് അവർക്ക് പറ്റിയ വഴിയിലൂടെ തിരിച്ചുവിട്ട് ചിട്ടയായ പരിശീലനം നൽകും. ഒരു താരത്തിന് വിജയത്തിലേക്ക് തന്നെ ഗ്രൗണ്ടിന് പുറത്ത് പരാജയഭീതിയും ഉത്കണ്ഠയും അകറ്റാൻ യോഗ അടക്കം പ്രത്യേക പരിശീലനങ്ങളും നൽകുന്നു. ശിഷ്യരെ മക്കളെപ്പോലെ അദ്ദേഹം സ്നേഹിച്ചു. അതുകൊണ്ട് തന്നെ രാജുമാഷിന്റെ കുട്ടികൾ ദേശീയ, സംസ്ഥാന ജില്ലാ തലങ്ങളിൽ കിരീടങ്ങൾ തലയിലേറ്റിയാണ് മടങ്ങിവരുന്നത്. തഴവ സ്കൂളിന് പുറമേ ഡോ.എം.കെ.രാജു പഠിപ്പിച്ച, പരിശീലിപ്പിച്ച എല്ലാ സ്‌കൂളുകളും കേരളത്തിന്റെ കായിക ഭൂപടത്തിൽ ഉജ്ജ്വലമായ അടയാളങ്ങൾ തീർത്തു. ഇതോടെ രാജുവിനെ തേടി ബഹുമതികളുടെ പ്രവാഹമായി.
കരാട്ടെയിൽ സെവൻത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ ഡോ. എം.കെ.രാജു ആയോധന കലകളായ കളരിയിലും കുങ്ഫുവിലും അതി വിദഗ്ദ്ധനുമാണ്. അഭിനയത്തിലും നാടോടി നൃത്തത്തിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പി.ബാലചന്ദ്രന്റെ 'അമാവാസിയിൽ പൗർണമിതേടി' എന്ന നാടകത്തിൽ സുപ്രധാനമായ വേഷം അഭിനയിച്ചു.
നന്മയുടെ നിലാമഴ
ഡോ. എം.കെ. രാജു കാൻസർ ബാധിതർക്കായി 'ഒരിടമുടി' എന്ന പദ്ധതി ആവിഷ്കരിച്ച് വിദ്യാർത്ഥികളിൽ നിന്ന് മുടി ശേഖരിച്ച് വിഗ്ഗ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ത്രീ സുരക്ഷ മുൻനിറുത്തി വിദ്യാർത്ഥിനികൾക്ക് സ്വയംസുരക്ഷ പരിശീലനം നൽകുന്നുണ്ട്. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പഠനിലവാരം ഉയർത്താൻ പഠനനിലയങ്ങൾ നിർമ്മിച്ച് നൽകി. അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ഭിക്ഷാടക തെരുവുകൾ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം കാരുണ്യമായി പടർന്നു. 1989 മുതൽ രാജുവിന്റെ നേതൃത്വത്തിൽ രക്തദാന സേന പ്രവർത്തിക്കുന്നു. നിർദ്ധനരായ നിരവധി യുവതികളുടെ വിവാഹം നടത്തി. പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. 2004ൽ സുനാമി ജില്ലയുടെ തീരമേഖലയെ കീഴ്മേൽ മറിച്ചപ്പോൾ രാജു മാഷ് ഈശ്വരന്റെ കരങ്ങളായി ദുരിതഭൂമിയിലെത്തി രക്ഷാപ്രവർത്തനങ്ങളിൽ നിറഞ്ഞു. സുനാമി ബാധിതരെ പാർപ്പിച്ചിരുന്ന കാമ്പുകളിൽ മാസങ്ങളോളം ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു. പ്രളയകാലത്തും അദ്ദേഹം ദുരിത മേഖലകളിൽ കാരുണ്യമായി പെയ്തിറങ്ങി. ഒടുവിൽ കൊവിഡ് മഹാമാരിയെത്തിയപ്പോൾ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശക്തനായ പോരാളിയായി.
അംഗീകാരങ്ങൾ ഏറെ
സംസ്ഥാന കൗമുദി ടീച്ചർ അവാർഡ്, സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ്, മാൻ ഒഫ് ദി ഇയർ അവാർഡ് 2019, ബെസ്റ്റ് ഹ്യുമാനിറ്റേറിയൻ അവാർഡ്, ഗ്രാമചക്ര അവാർഡ്, ഡോ.ബി.ആർ. അംബേദ്കർ ദേശീയ അവാർഡ്, മദർതെരേസ ഹ്യുമാനിറ്റി ദേശീയ അവാർഡ്, ശ്രേഷ്ഠ സേവാ ദേശീയ പുരസ്‌കാരം, സേവരത്‌ന ദേശീയ പുരസ്‌കാരം, എ.പി.ജെ.അബ്ദുൽകലാം ബെസ്റ്റ് ടീച്ചർ പുരസ്‌കാരം, മഹാത്മാഗാന്ധി പീസ് ഇന്റർനാഷണൽ അവാർഡ് അടക്കം ആയിരക്കണക്കിന് അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.