f
നാസിം യഹിയ

ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഏത് പർവതവും കീഴടക്കാമെന്ന് തെളിയിച്ച അദ്ധ്യാപകനാണ് നാസിം യഹിയ. അദ്ധ്യാപനം പ്രാണനെപ്പോലെയാണ്. സബ് ഇൻസ്പെക്ടർ ആകണമെന്നായിരുന്നു കുട്ടിക്കാലം മുതൽ സ്വപ്നം. നിയമനം ലഭിച്ചെങ്കിലും അദ്ധ്യാപനം തലയ്ക്കു പിടിച്ചതോടെ അത് ഉപേക്ഷിച്ചു. പ്രളയകാലത്ത് നാസിം യഹിയ ഹൃദയത്തിലെ കാരുണ്യത്തിന്റെ നിലവറ തുറന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കരളുറപ്പുള്ള പോരാളിയായി. ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ പാഠങ്ങളിലും പാഠപുസ്തകങ്ങളിലും ചുരുങ്ങാതെ വിദ്യാർത്ഥികളെ അദ്ദേഹം സ്വപ്നം കാണാൻ പഠിപ്പിക്കുന്നു.

അദ്ധ്യാപനം ഒരു തൊഴിൽ എന്നതിനെക്കാളുപരി ദൈവദത്തമായ നിയോഗമായാണ് കണ്ണനല്ലൂർ സ്വദേശി നാസിം യഹിയ കാണുന്നത്. സാധാരണ കുടുംബത്തിൽ ജനിച്ച് ആത്മാർത്ഥത ഒന്നുകൊണ്ടുമാത്രം ബഹുജന സമ്മതനായ വ്യക്തിത്വം. വിദ്യാഭ്യാസ മേഖല സ്വന്തം കർമ്മമണ്ഡലമായി സ്വയം തിരഞ്ഞെടുത്ത അദ്ദേഹം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റെ കൈയൊപ്പ് ചാർത്തുന്നു. എഴുത്തുകാരൻ കൂടിയാണ്. നാസിം യഹിയയുടെ നോവലുകളും ചെറുകഥകളും അസ്വാദക ഹൃദയങ്ങളിൽ അതിവേഗം പടർന്നുകയറി.

കൊവിഡിന്റെ വിപരീത കാലത്തൊഴിച്ച് വിദ്യാർത്ഥികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. കൂട്ടുകാരും അദ്ധ്യാപകരുമാണ് അവരുടെ ലോകം. അതുകൊണ്ടുതന്നെ ഒരു രക്ഷാകർത്താവിനെപ്പോലെ യഹിയ കുട്ടികളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു. പുനലൂർ വലിയകാവ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹപ്രവർത്തകർക്കും നാസിം യഹിയ ഏറെ പ്രിയപ്പെട്ട അദ്ധ്യാപകനാണ്. എത്ര കടുപ്പമുള്ള വിഷയങ്ങളും പാഠങ്ങളും പ്രിയപ്പെട്ട അദ്ധ്യാപകർ പഠിപ്പിച്ചാൽ വിദ്യാർത്ഥികൾക്ക് പെട്ടെന്ന് മനസിലാകും. അതുകൊണ്ടാകാം വലിയകാവ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഈ കൊവിഡ് കാലത്തും എപ്പോഴും നാസിം യഹിയ മാഷിന്റെ ക്ലാസ് വേണം. ഭൂമിശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും നാസിം യഹിയ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ മനസിൽ കവിത പോലെ പതിയും. കാരണം, ഹൃദയം കൊണ്ടാണ് ഈ മാഷ് പഠിപ്പിക്കുന്നത്.

 പുരസ്കാരങ്ങൾ

2019ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി നോവൽ പുരസ്കാരം, 2020ൽ ബുക്സ് ഇന്ത്യ യുവപ്രതിഭാ പുരസ്കാരം, 2021ലെ ജോസഫ് മുണ്ടശ്ശേരി ഗുരുശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മോട്ടിവേഷൻ സ്പീക്കർ, കരിയർ ഗൈഡൻസ് ഇൻസ്ട്രക്ടർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്.

 നന്മയുള്ള നാട്ടുകാരൻ

നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ് നാസിം യഹിയ. കഴിഞ്ഞ നാല് വർഷമായി പുനലൂരിലാണ് താമസം, നാട്ടിലെ ചെറുപ്പക്കാരെ കൂടെക്കൂട്ടി കൊവിഡ് പ്രതിരോധത്തിൽ സജീവമായി ഇടപെടുന്നു. നാട്ടിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. പഠനസൗകര്യമില്ലാത്ത നിരവധി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സുമനസുകളുടെ സഹായത്തോടെ മൊബൈൽ ഫോണുകളും ടി.വിയും വാങ്ങി നൽകി. നിരവധി സന്നദ്ധ സംഘടനകൾ വഴി അർഹരായ വിദ്യാർത്ഥികൾക്ക് അഞ്ഞൂറോളം നോട്ടുബുക്കുകളും പഠനസാമഗ്രികളും നൽകി. നാസിം യഹിയുടെ സ്പോൺസർഷിപ്പിൽ നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷം മുൻപ് വരെ പി.എസ്.സി പരീക്ഷാർത്ഥികൾക്കായി ഭൂമിശാസ്ത്രം, ഭരണഘടന, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ക്ലാസെടുകളെടുത്തിരുന്നു. ഹൈഫയാണ് ഭാര്യ. അൽഫ നാസിം മകളാണ്.