വിഴിഞ്ഞത്ത് ബാർജ് അടുക്കാൻ തടസമായി തിരമാലകൾ
കൊല്ലം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി പുലിമുട്ടുകൾ സ്ഥാപിക്കാൻ കൊല്ലം തുറമുഖം വഴിയുള്ള കരിങ്കൽ നീക്കം ആരംഭിച്ചു. 75 ലോഡ് കരിങ്കൽ കയറ്റി ഞായറാഴ്ച പുറപ്പെട്ട ബാർജിന് ശക്തമായ തിരമാല കാരണം വിഴിഞ്ഞത്ത് അടുക്കാൻ കഴിഞ്ഞില്ല. ലോഡുമായി ബാർജ് കടലിൽ കിടക്കുകയാണ്. 75, 50 ലോഡ് വീതം കയറ്റാവുന്ന രണ്ടു ബാർജുകളിൽ വിഴിഞ്ഞത്തേക്ക് കരിങ്കൽ കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടത്. യന്ത്രത്തകരാർ കാരണം ചെറിയ ബാർജിൽ കരിങ്കൽ നീക്കം നടന്നില്ല. 2020 ഫെബ്രുവരിയിൽ കൊല്ലത്ത് നിന്ന് വിഴിഞ്ഞത്തേക്ക് കരിങ്കൽ നീക്കം തുടങ്ങിയെങ്കിലും പാറയുടെ ലഭ്യതക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം മുടങ്ങിയിരുന്നു. ഇതിനിടെ ബാർജിന് തകരാർ സംഭവിച്ചതും കാലതാമസത്തിന് ഇടയാക്കി. ഇത് പരിഹരിച്ചാണ് ഞായറാഴ്ച മുതൽ കരിങ്കൽ നീക്കം പുനരാരംഭിച്ചത്. അദാനിയുടെ ബാർജിലാണ് പാറ കൊണ്ടുപോകുന്നത്. 3100 മീറ്റർ നീളത്തിലാണ് വിഴിഞ്ഞത്ത് പുലിമുട്ട് സ്ഥാപിക്കുന്നത്. ഇതിന് ആവശ്യമായി വരുന്നതിൽ ചെറിയാരു ഭാഗം പാറ മാത്രമാണ് കൊല്ലം വഴി കൊണ്ടുപോകുന്നത്.