ഓച്ചിറ: ആയിരംതെങ്ങ് തീവെപ്പ് കേസിൽ മുഖ്യപ്രതിയും സൂത്രധാരനുമായ ആലുംപീടിക എ.എ വില്ലയിൽ ശാർങധരനെ 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ശാർങധരൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് 22ന് കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു. നേരത്തെ ശാർങധരനായി ഓച്ചിറ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30നായിരുന്നു കടകൾ തീവെച്ചത്. ഇതിന് ക്വട്ടേഷൻ നൽകിയ ആയിരം തെങ്ങിലെ വ്യാപാരിയും കള്ള് ഷാപ്പ് കോൺട്രാക്ടറുമായ പ്രതി സംഭവ ദിവസം മുതൽ ഒളിവിലാണ്. ക്വട്ടേഷൻ ഏറ്റെടുത്ത് കടകൾക്ക് തീവെച്ച തഴവ തെക്കുംമുറി കിഴക്ക് തീപാരേത്ത് വീട്ടിൽ ദീപു (24), സുഹൃത്ത് തഴവ തെക്കുംമുറി കിഴക്ക് ഷിബിൻ ഭവനത്തിൽ ഷിബിൻ ഷാജി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.