കൊല്ലം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഭയപ്പെടുന്നുവെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. യു.പി.യിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സന്ദർശിച്ച പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജനങ്ങൾ പ്രിയങ്കാ ഗാന്ധിക്കൊപ്പം ചേർന്നത് യു.പി.യിൽ കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന്റെ സന്ദേശമാണ് നൽകുന്നത്. ഇത്രയും നിഷ്ഠൂരമായ കൊലപാതകങ്ങൾ നടന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ഖേദകരമാണ്. കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ യു.പി പൊലീസ് തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഡി.സി.സി ഓഫീസിൽ നിന്ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രകടനത്തിന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീതാ ശിവൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ലത സി. നായർ തുടങ്ങിയവർ നേത്യത്വം നൽകി.