കൊല്ലം: കരീപ്ര ശ്രീരാജ് വധക്കേസിലെ വിചാരണയ്ക്കിടെ കോടതി പരിസരത്തുവച്ച് സാക്ഷിയും ശ്രീരാജിന്റെ സഹോദരീഭർത്താവുമായ യുവാവിനെ പ്രതിസ്ഥാനത്തുള്ള ചിലരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിച്ചു. നെടുമൺകാവ് വാക്കനാട് ഉളകോട് സ്മിതാനിവാസിൽ മനുകുമാറിനെയാണ് (47) ആക്രമിച്ചത്. വിചാരണ തുടങ്ങിയ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കൊല്ലം അഡിഷണൽ സെഷൻസ് കോടതി - 3ന്റെ പരിസരത്ത് റോഡിൽ വച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. മറ്റൊരു സഹോദരീഭർത്താവായ വിക്രമൻ, കേസിൽ ഒന്നാം സാക്ഷിയായ ശ്രീരാജിന്റെ പിതാവ് രാജേന്ദ്രൻ ആചാരി എന്നിവർക്ക് ഒപ്പമാണ് മനുകുമാർ കോടതിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞപ്പോൾ ചായ കുടിക്കാനായി മൂന്നുപേരും സമീപത്തുള്ള കടയിലേക്ക് പോയി. ഈസമയം കേസിലെ പ്രതിസ്ഥാനത്തുള്ള ചിലർ മൂവരെയും ഭീഷണിപ്പെടുത്തി.
പിന്നീട് മറ്റൊരു കടയിലേക്ക് പോയപ്പോഴാണ് ഏഴോളം പേരടങ്ങുന്ന സംഘമെത്തി മനുകുമാറിനെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റ മനുകുമാർ നിലത്തു വീണു. കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തിനുശേഷം ഇരുഭാഗത്തുമുള്ളവർ സംഘടിച്ചതോടെ എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ആക്രമണ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സി.സി.ടി.വിൽ പതിഞ്ഞിട്ടുണ്ടെന്നും ആക്രമണം നടത്തിയവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. ആക്രമിച്ചവരെ കണ്ടാലറിയാമെന്ന് രാജേന്ദ്രനും മനുകുമാറും പൊലീസിന് മൊഴിനൽകി.
കരീപ്ര നെടുമൺകാവ് ആശുപത്രിമുക്ക് സി.പി.എം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗവുമായിരുന്ന ശ്രീരാജിനെ 2014 ഏപ്രിൽ 15ന് അച്ഛന്റെ മുന്നിൽവെച്ചാണ് ഒരുസംഘം ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത്. ഇതിൽ ആർ.എസ്.എസ് പ്രവർത്തകരായ ഏഴ് പേരാണ് പ്രതിസ്ഥാനത്തുള്ളത്. കേസിന്റെ വിചാരണയാണ് ഇന്നലെ ആരംഭിച്ചത്. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. കാലിനും തലയ്ക്കും പരിക്കേറ്റ മനുകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.