കൊല്ലം: കൊട്ടാരക്കര പട്ടണത്തിന് നടുവിലെ മാർത്തോമാ ഗേൾസ് ഹൈസ്കൂളിൽ മോഷണം. ഓഫീസ് മുറിയുടേതടക്കം പൂട്ടുകൾ പൊളിച്ച് ഫയലുകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളുമടക്കം മോഷ്ടിച്ചു. ഇന്നലെ രാവിലെ സ്കൂൾ അധികൃതരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സ്കൂളിന്റെ പിൻഭാഗത്ത് ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തുടർന്ന് ഓഫീസ് മുറിയുടെയും തൊട്ടടുത്ത മുറിയുടെയും പൂട്ടുകൾ പൊളിച്ചു. അലമാരകൾ കുത്തിത്തുറന്ന് ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറകളും ഹാർഡ് ഡിസ്കും പ്രഥമാദ്ധ്യാപികയുടെ മേശപ്പുറത്തുണ്ടായിരുന്ന നാണയശേഖരവും മോഷ്ടിച്ചു. അടിവസ്ത്രം മാത്രം ധരിച്ച ഒരാളാണ് മോഷ്ടാവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പൂട്ടുകൾ പൊളിയ്ക്കുന്നതിന് ഉപയോഗിച്ച കമ്പിയും കല്ലും പൊലീസ് കണ്ടെടുത്തു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.