പുനലൂർ: കടമ്പാട്ട് കോണം - ചെങ്കോട്ട ഗ്രീൻ ഫീൽഡ് ഹൈവേയുടെ നിലവിലെ അലൈൻമെന്റ് മാറ്റുന്നത് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.രാജൻ കേന്ദ്ര മന്ത്രി ഗാഡ്കരിക്ക് കത്ത് നൽകിയെന്ന് പി.എസ്.സുപാൽ എം.എൽ.എയെ അറിയിച്ചു. നിയമസഭയിൽ എം.എൽ.എ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കടമ്പാട്ട് കോണത്ത് നിന്നാരംഭിച്ച് ചടയമംഗലം, പത്തടി, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് വഴിയാണ് തമിഴ്നാട്ടിലേക്ക് പാത കടന്ന് പോകുന്നത്. പുനലൂർ,ചടയമംഗലം മണ്ഡലങ്ങളിൽ 58.95 കിലോമീറ്റർ ദൈർഘ്യത്തിലാണ് നാല് വരി പാത ചെങ്കോട്ടയിൽ എത്തുന്നത്. ജനവാസ മേഖലകളിലൂടെ ദേശീയ പാത കടന്ന് പോകുമ്പോൾ വീടുകളും ദേവാലയങ്ങളും മറ്റും ഒഴിപ്പിക്കലിൽ നഷ്ടപ്പെടുന്നത് കണക്കിലെടുത്ത് പുതിയ അലൈൻമെന്റ് നടത്തണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ നിയമ സഭയിൽ സബ് മിഷൻ ഉന്നയിച്ചത്.