photo
കൊട്ടാരക്കര കച്ചേരിമുക്കിലെ മൂന്നുവിളക്ക്

കൊല്ലം: കൊട്ടാരക്കരയുടെ ചരിത്ര സ്മാരകമാണ് കച്ചേരിമുക്കിലെ മൂന്നുവിളക്ക്. ഇവിടെ മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയ്ക്കും ചലച്ചിത്ര നടനായ കൊട്ടാരക്കര ശ്രീധരൻ നായർക്കും പ്രതിമകൾ സ്ഥാപിക്കാൻ കൊട്ടാരക്കര നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിന്റെ ഭാഗമായ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപത്താണ് കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് മൂന്ന് വിളക്ക് സ്ഥിതി ചെയ്യുന്നത്. വിശ്വാസങ്ങൾക്കപ്പുറം മണികണ്ഠൻ ആൽത്തറയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവടക്കം പ്രസംഗിച്ച സ്ഥലമാണത്. ഇതിനോട് ചേർന്ന് നിൽക്കുന്ന മൂന്നുവിളക്കിനും അതിന്റേതായ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ് മൂന്ന് വിളക്കെന്നാണ് പഴമക്കാർ പറയുന്നത്. ത്രിശൂലത്തിന്റെ മാതൃകയിലാണ് അന്ന് വിളക്ക് സ്ഥാപിച്ചത്. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പഴമയ്ക്ക് മങ്ങലേറ്റിരുന്നെങ്കിലും അടുത്തകാലത്ത് നഗരസഭ മുൻകൈയെടുത്ത് മൂന്നുവിളക്കും പരിസരവും നവീകരിച്ചു. ചുറ്റും സ്റ്റീൽ വേലി കെട്ടി സംരക്ഷണമൊരുക്കി. സമീപത്തെ മരത്തിന് കീഴിലായി വിശ്രമ കേന്ദ്രവും ഒരുക്കി. ഗണപതി ക്ഷേത്ര ഉത്സവ ദിനങ്ങളിൽ ഭക്തർ മൂന്ന് വിളക്കിനെയും ഭയഭക്തി ബഹുമാനത്തോടെ വണങ്ങാറുമുണ്ട്. പൊലീസ് സ്റ്റേഷന്റെ തൊട്ടു മുന്നിലായതിനാൽ സംരക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരുന്നുമില്ല.

പ്രതിമകൾ ഉടൻ സ്ഥാപിക്കും

സ്മാരക പ്രതിമകൾ സ്ഥാപിക്കാൻ മൂന്ന് ലക്ഷം രൂപ വീതമാണ് നഗരസഭ വകയിരുത്തിയത്. സാങ്കേതിക അനുമതി ലഭിച്ചതിനാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. കാെട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ സിവിൽ സ്റ്റേഷൻ വളപ്പിലും ആർ.ബാലകൃഷ്ണ പിള്ളയുടെ പ്രതിമ മൂന്ന് വിളക്കിനോട് ചേർന്നും സ്ഥാപിക്കാനാണ് തീരുമാനം. എന്നാൽ ചരിത്ര സ്മാരകമായ മൂന്നുവിളക്കിനോട് ചേർന്ന് പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി ഇതിനകം തർക്കം ഉടലെടുത്തുകഴി‌ഞ്ഞു. വലിയ വിവാദങ്ങളിലേക്ക് കടക്കുംമുൻപ് നിർമ്മാണത്തിന് ശിലയിടാനാണ് നഗരസഭയുടെ നീക്കം.