തഴവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായിഅറസ്റ്റിൽ .കുലശേഖരപുരം നീലികുളം ഷാനു മൻസിലിൽ ഷാനു ഷാജിലാൽ (23) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കരുനാഗപ്പളളി സംഘപുരമുക്കിന് പടിഞ്ഞാറ് ചെമ്പൻകോട് സ്‌കൂളിന് സമീപം റോഡിൽ വച്ചാണ് യുവാക്കൾ ആക്രമിക്കപ്പെട്ടത്. രണ്ട് വാഹനങ്ങളിലായി എത്തിയ പതിമൂന്ന് പേർ അടങ്ങിയ സംഘം സ്ഥലത്തുണ്ടായിരുന്ന യുവാക്കളോട് കണ്ണൻ എന്നയാളിനെ അന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞത് വിശ്വസിക്കാതിരുന്ന സംഘം മനഃപൂർവം കള്ളം പറയുകയാണെന്ന് ആരോപിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിൽ എന്നയാളിന്റെ കൈക്കുഴ ഇളകിമാറിയിരുന്നു. അഖിലിനോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ സംഘത്തിലെ അംഗമാണ് കുലശേഖര പുരത്ത് നിന്ന് പൊലീസ് പിടിയിലായത്. യുവാക്കളെ ആക്രമിച്ച സംഘത്തിൽപ്പെട്ടയാൾ കുലശേഖരപുരം ജംഗ്ഷനിൽ നിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ ഷൈനുതോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്‌സാണ്ടർ, കലാധരൻ, ധന്യാ രാജേന്ദ്രൻ, എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ സി.പി.ഒ ശ്രീകാന്ത്, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.