കൊല്ലം: വ്യാജ കേസുണ്ടാക്കാൻ എക്സൈസ് ശ്രമിച്ചതായി കാട്ടി ഗൃഹനാഥൻ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കിളികൊല്ലൂർ ശാന്തിനഗർ മൂലയിൽ വീട്ടിൽ രാധാകൃഷ്ണനാണ് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്: 29ന് വൈകിട്ട് 5.30ഓടെ വീട്ടിൽ എക്സൈസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ നാലുപേർ ഭീഷണിപ്പെടുത്തുകയും ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറയുകയും ചെയ്തു. തുടർന്ന് മകളുടെ മുന്നിൽ വച്ച് മർദ്ദിച്ച ശേഷം തന്നെയും ഭാര്യയെയും കൊണ്ട് വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങി. തങ്ങളുടെ വാഹനത്തിൽ കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ, കോട, മദ്യം തുടങ്ങിയവ ഉണ്ടെന്നും അവ വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് കാട്ടി കേസെടുക്കുമെന്നുമായിരുന്നു ഭീഷണി. 26ന് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയ ശേഷം ഗൃഹ നിരീക്ഷണത്തിൽ ഇരിക്കവെയാണ് ആക്രമണമുണ്ടായത്. സർജറി കഴിഞ്ഞ് ഒരുവർഷത്തിലേറെയായി വിശ്രമത്തിലുള്ള തന്റെ ഭാര്യയെയും മകളെയും സംഘം ഭീഷണിപ്പെടുത്തിയതായും രാധാകൃഷ്ണൻ പരാതിയിൽ പറയുന്നു.
മുപ്പത് വർഷത്തോളമായി കലാരംഗത്ത് പ്രവർത്തിക്കുന്ന തനിക്കുണ്ടായ ദുരനുഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ടെന്ന് രാധാകൃഷ്ണൻ പറയുന്നു.