v
ഡോ. അനിത ശങ്കർ

മികച്ച സംഘാടക, കാരുണ്യത്തിന്റെ നിലാമഴയാകുന്ന ടീച്ചറമ്മ, ക്ലാസ് മുറിയിൽ വിശ്വസാഹിത്യത്തിന്റെ വാതായനങ്ങൾ തുറക്കുന്ന അദ്ധ്യാപിക. ഡോ. അനിത ശങ്കറിനെ ഇങ്ങനെ വാക്കുകൾക്കുള്ളിൽ വരച്ചിടുക ഏറെ പ്രയാസമാണ്. നാഷണൽ സർവീസ് സ്കീമിനെ കേരളത്തിലെ കലാലയങ്ങളുടെ മതിൽക്കെട്ടിൽ നിന്ന് ജനഹൃദയങ്ങളിലേക്ക് നയിച്ചത് അനിത ശങ്കറാണ്. നാഷണൽ സർവീസ് വോളണ്ടിയർമാർക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന് പിന്നിലും ഈ അദ്ധ്യാപികയാണ്. കുട്ടി പൊലീസ് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതും അനിത ടീച്ചറാണ്. ടീച്ചറുടെ മുഖത്തൊരു ചിരിയുണ്ടാവും എപ്പോഴും, എല്ലാവർക്കും പോസിറ്റീവ് എനർജി നൽകുന്ന ചിരി. ടീച്ചറുടെ ഇന്നലെകൾ ഒരത്ഭുതമാണ്. രാപ്പകലില്ലാത്ത അദ്ധ്വാനത്തിനും ഇടപെടലുകൾക്കുമുള്ള പ്രതിഫലമായി അഭിനന്ദന പത്രങ്ങളും അംഗീകാരങ്ങളും കൊണ്ട് ടീച്ചറുടെ അലമാര നിറയുന്നു.

1988ൽ ജനുവരിയിൽ ചെങ്ങന്നൂർ എസ്.എൻ കോളേജിലാണ് അനിത ശങ്കറിന്റെ അദ്ധ്യാപന ജീവിതം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ, പുനലൂർ എസ്.എൻ കോളേജുകളിൽ അദ്ധ്യാപികയായി. 95ൽ കൊല്ലം എസ്.എൻ കോളേജിലെത്തി. അവിടെ എൻ.എസ്.എസിന്റെ പ്രോഗ്രാം ഓഫീസറായി. എസ്.എൻ കോളേജിന്റെ ഇപ്പോഴത്തെ പച്ചപ്പ് അനിത ടീച്ചറുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് സംഘത്തിന്റെ സൃഷ്ടിയാണ്. പാവപ്പെട്ട ആറ് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. ഇങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ടീച്ചർക്ക് യൂണിവേഴ്സിറ്റിയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് തുടർച്ചയായി മൂന്ന് തവണ സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും മൂന്ന് തവണ അനിത ടീച്ചറെ തേടിയെത്തി. ഈ രണ്ട് നേട്ടങ്ങളും മറ്റാർക്കും ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.

 എൻ.എസ്.എസിന് പുതിയ പ്രകാശം

2007 മുതൽ 2012 വരെ നാഷണൽ സർവ്വീസ് സ്കീമിന്റെ സംസ്ഥാന ലെയ്സൺ ഓഫീസറായും പ്രവർത്തിച്ചു. ഇക്കാലയളവിൽ സംസ്ഥാനത്ത് എൻ.എസ്.എസിന്റെ അംഗസംഖ്യ 1,57,300ൽ നിന്നു 1,73,000 ആയി ഉയർത്തി. ഐ.എച്ച്.ആർ.ഡി കോളേജുകളിലും ഐ.ടി.ഐകളിലും ടി.ടി.സികളിലും എൻ.എസ്.എസ് പദ്ധതി തുടങ്ങിവച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയതും ടീച്ചറുടെ ഇടപെടലിലാണ്. എൻ.എസ്.എസ് ക്യാമ്പുകൾക്ക് കുറഞ്ഞ വിലയ്ക്ക് അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ഇങ്ങനെ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പറഞ്ഞുതീർക്കാൻ കഴിയില്ല.

 കൊല്ലം എസ്.എൻ കോളേജിൽ

എൻ.എസ്.എസ് സ്റ്റേറ്റ് ലെയ്സൺ ഓഫീസർ ഒഴിഞ്ഞ ശേഷം 2018 മേയിൽ അനിത ശങ്കർ കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റു. കോളേജ് കാമ്പസ് വൃത്തിയാക്കി ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി തുടങ്ങി. നെല്ല് കൊയ്ത ശേഷം അവിടെ എള്ള് പാകി. രണ്ടരയേക്കറിൽ ജൈവപച്ചക്കറി കൃഷിയും അരയേക്കറിൽ പൂ കൃഷിയും നടത്തി. പ്രളയകാലത്ത് അനിത ടീച്ചറുടെ നേതൃത്വത്തിൽ എസ്.എൻ കോളേജിലെ വിദ്യാർത്ഥി സംഘം ദുരിതബാധിത മേഖലകളിൽ കാരുണ്യത്തിന്റെ പെരുമഴയായി പെയ്തിറങ്ങി. വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ചതിനൊപ്പം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു.

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പ്രചോദിപ്പിക്കാൻ കോളേജിൽ വായനാവാരവും അക്ഷരക്കളരിയും സംഘടിപ്പിച്ചു. പ്രമുഖരെ കോളജിലേക്ക് ക്ഷണിച്ചുവരുത്തി സംവാദങ്ങൾ സംഘടിപ്പിച്ചു. മാനേജ്മെന്റിന്റെ പിന്തുണയോടെ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി. നാട്ടിക എസ്.എൻ കോളേജിൽ പ്രിൻസിപ്പലായിരിക്കുമ്പോഴും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. കോളേജ് അങ്കണത്തിൽ ഗുരുദേവന്റെ ചൈതന്യപൂർണമായ പ്രതിമ സ്ഥാപിച്ചു. കാമ്പസിൽ ഓഡിറ്റോറിയം നിർമ്മിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ടീച്ചർ മുന്നോട്ടുപോകുമ്പോഴാണ് കൊല്ലം എസ്.എൻ കോളേജിലേക്ക് സ്ഥലം മാറ്റമായത്. ഇപ്പോൾ ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള വടക്കേവിള എസ്.എൻ കോളേജ് ഒഫ് ടെക്നോളജിയുടെ പ്രിൻസിപ്പലാണ്.

 കുടുംബം

ഹരിപ്പാട് പൂഴിക്കാട് വീട്ടിൽ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന സി.കെ. ശങ്കരനാരായണന്റെയും പത്മിനിയുടെയും മകളാണ്. കൊല്ലം എസ്.എൻ കോളേജിൽ നിന്നു ഇഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. ബി. സുനിൽകുമാറാണ് ഭർത്താവ്. ടെക്നോപാർക്കിൽ എൻജിനീയറായ അരുണിമ എസ്. കുമാർ, അരവിന്ദ് എസ്. കുമാർ എന്നിവർ മക്കളാണ്. ടെക്നോപാർക്കിൽ എൻജിനീയറായ അരുൺ മരുമകനാണ്. കാവനാട് അരവിന്ദത്തിലാണ് താമസം.