കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ ഇൗ മാസം 11 ന് കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി വിധി പറയും. അഞ്ചൽ ഏറം വെള്ളാശ്ശേരിയിൽ വിജയസേനൻ - മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ വിചാരണ പൂർത്തിയായി. 2020 മെയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ ഉന്നയിക്കുന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം.