olayil
ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫ്ലൈ ഓവർ നിർമ്മാണം ഓലയിൽക്കടവ് ഭാഗത്ത് പുരോഗമിക്കുന്നു

ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടാനുള്ള അനുമതി വൈകുന്നു

കൊ​ല്ലം: കൊല്ലം നഗരത്തിന്റെ സ്വപ്നപദ്ധതിയായ ആശ്രാമം ലിങ്ക് റോഡ് വികസനം അഷ്ടമുടിക്കായലിന്റെ നടുവിൽ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ലിങ്ക് റോഡ് ഓലയിൽക്കടവിലേക്ക് നീട്ടൽ ഏകദേശം പൂർത്തിയായി. എന്നാൽ പദ്ധതി കൂടുതൽ പ്രയോജനകരമാക്കുന്ന തോപ്പിൽക്കടവിലേക്കുള്ള വികസനത്തിന്റെ നടപടിയാണ് അനന്തമായിനീളുന്നത്.

കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപത്ത് നിന്ന് അഷ്ടമുടിക്കായലിന് മുകളിലൂടെയുള്ള ലിങ്ക് റോഡിന്റെ വികസനം മാർച്ചിൽ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. മൂന്നാംഘട്ടം എത്തിച്ചേരുന്നത് ഓലയിൽക്കടവിലാണ്. ലിങ്ക് റോഡിലൂടെ ഒാലയിൽക്കടവിലെത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ റോഡുവഴി ഏറെ തിരക്കേറിയ ഹൈസ്കൂൾ ജംഗ്ഷനിലാണ് വന്നുചേരുക. അതുകൊണ്ടുതന്നെ നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെങ്കിൽ ലിങ്ക് റോഡ് തോപ്പിൽക്കടവുവരെ നീളണം.

നാലാംഘട്ട വികസനത്തിന് 150 കോടി

നാലാംഘട്ട വികസനത്തിന് 2017ലെ ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 150 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. നാലാംഘട്ട വികസനത്തിന്റെ ഡി.പി.ആർ മാസങ്ങളായി കിഫ്ബി സാങ്കേതിക പരിശോധനാവിഭാഗത്തിന്റെ പക്കലാണ്. സാങ്കേതിക അനുമതികൾക്കുശേഷം കിഫ്ബി യോഗത്തിന്റെ അനുമതികൂടി ലഭിച്ചാലേ ടെണ്ടർചെയ്ത് നിർമ്മാണത്തിലേക്ക് കടക്കാൻ കഴിയൂ. വൈകാതെ അനുമതിലഭിച്ചാൽ മൂന്നാംഘട്ടത്തിനൊപ്പം തന്നെ തോപ്പിൽക്കടവിലേക്കുള്ള വികസനവും ആരംഭിക്കാം.

 ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്ക് 1765.60 മീറ്റർ നീളത്തിലുള്ള ഫ്ലൈ ഓവറാണ് നാലാം ഘട്ടത്തിലുള്ളത്

ലി​ങ്ക് റോ​ഡ് മൂ​ന്നാം​ഘ​ട്ടം നീ​ളം: 1.4 കി.മീ

ഫ്ളൈ ഓ​വർ നീ​ളം: 1100 മീ​റ്റർ

ചെ​ല​വ്: 103 കോ​ടി

പൂർ​ത്തി​യാ​യ​ത്: 80 ശ​ത​മാ​നം