പത്തനാപുരം: ബൈക്കിൽ കാറിടിച്ച് രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ, കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. തലവൂർ മഞ്ഞക്കാല ലക്ഷ്മി നിവാസിൽ ലാൽകുമാറിന്റെ (34) ലൈസൻസാണ് ഒരു വർഷത്തേക്ക് പത്തനാപുരം ജോയിന്റ് ആർ.ടി.ഒ ഷീബ രാജൻ സസ്‌പെൻഡ് ചെയ്തത്. കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് ജംഗ്ഷന് സമീപം കഴിഞ്ഞ 12ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ ബി.എൻ. ഗോവിന്ദ് (20), കണ്ണൂർ പയ്യന്നൂർ പട്ടോളിവയൽ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്ന ഇരുവരും കൂട്ടുകാരും അഞ്ച് ബൈക്കുകളിലായി റോസ്‌മലയിലെ വിനോദയാത്രയ്ക്ക് ശേഷം മടങ്ങവേ ദേശീയപാതയിൽ ചേത്തടിക്കും ചെങ്ങമനാടിനുമിടയ്ക്ക്, ഗോവിന്ദ് ഓടിച്ച ബുള്ളറ്റിൽ അമിത വേഗതയിലെത്തിയ മാരുതി എർട്ടിഗ കാർ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു. തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് ചൈതന്യ മരിച്ചത്.
ലാൽകുമാറും സുഹൃത്ത് റോയിയുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ വിജയിച്ചിരുന്നെങ്കിലും അപകട സമയത്ത് ലാലിന് ലൈസൻസ് ലഭിച്ചിരുന്നില്ല. ഇയാൾ മദ്യലഹരിയിലുമായിരുന്നു. കുന്നിക്കോട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.