പടിഞ്ഞാറേകല്ലട : കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ പി .ഡബ്ല്യു .ഡി റോഡിൽ കോതപുരം ലക്ഷംവീട് കോളനിക്കു മുന്നിലെ റോഡ് ടാർ ചെയ്യാത്തതിലും റോഡിന്റെ വശത്ത് അപകടഭീഷണിയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിലും നാട്ടുകാരുടെ പ്രതിഷേധം ശക്തം. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന റോഡിന്റെ ഈ ഭാഗത്തെ വാഹനാപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡിന്റെ കുത്തനെയുള്ള ഉയരം കുറയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെയും കേരളകൗമുദി വാർത്തയെയും പരിഗണിച്ച് ഉയരം കുറച്ച് മെറ്റിൽ ഇട്ട് ലെവൽ ചെയ്തിട്ട് മാസങ്ങൾ ആകുന്നു. നിരന്തരം വാഹനങ്ങൾ ഓടി മെറ്റിലുകൾ ഇളകിയതു കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലാവുന്നത് പതിവാണ്.
പോസ്റ്റ് മാറ്റുന്നതിനുള്ള തുക അടച്ചില്ല
കഴിഞ്ഞ ദിവസം ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വശത്തേക്ക് ചെരിയുകയും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. കൂടാതെ റോഡിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റിന്റെ മൂന്നുവശത്തെയും മണ്ണ് നീക്കം ചെയ്തത് കാരണം ഏതുസമയവും അപകടം സംഭവിക്കാവുന്ന നിലയിലാണ്. വൈദ്യുതി ബോർഡിന് കേരള റോഡ് ഫണ്ട് ബോർഡ് (കെ. ആർ .എഫ് .ബി ) പോസ്റ്റ് മാറ്റുന്നതിനുള്ള തുക അടക്കാത്തതാണ് ഇത് മാറ്റി സ്ഥാപിക്കാൻ വൈകുന്നത്. പോസ്റ്റ് മാറ്റി സ്ഥാപിച്ചതിന് ശേഷമേ റോഡ് ടാർ ചെയ്യുകയുള്ളുവെന്നാണ് കരാറുകാർ പറയുന്നത്. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചും റോഡ് ടാർ ചെയ്തും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കെ.എസ്.ഇ.ബി മാറ്റി സ്ഥാപിക്കാനുള്ള പോസ്റ്റുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അത് കിഫ്ബിക്ക് കൈമാറും. ഫണ്ട് ലഭിച്ചാലുടൻ തന്നെ വൈദ്യുതി ബോർഡിന് കൈമാറും
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ , കെ .ആർ .എഫ് .ബി,കൊല്ലം