കൊല്ലം: ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് ഗുരുദേവ ദാർശനികനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ജി.കെ. ശശിധരൻ പറഞ്ഞു. 'കേരളകൗമുദി' കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച ലോക അദ്ധ്യാപക ദിനാചരണത്തിന്റെ ഉദ്ഘാടനവും അദ്ധ്യാപക പ്രതിഭകളെ ആദരിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും മാത്രമാണ് ഔദ്യോഗികമായി പഠിപ്പിക്കുന്നത്. ആദ്ധ്യാത്മികത സ്വയം പഠിക്കേണ്ട അവസ്ഥയാണ്. ശാസ്ത്ര ആദ്ധ്യാത്മിക ജ്ഞാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. വെറും നാല് ശതമാനം ശാസ്ത്ര രഹസ്യങ്ങളേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ശാസ്ത്രം ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണെന്ന് ലോകോത്തര ശാസ്ത്രജ്ഞർ പോലും തുറന്നു പറയുന്നു. പ്രപഞ്ചത്തിലെ പല സമസ്യകൾക്കുമുള്ള ഉത്തരം ശാസ്ത്രത്തിനു കണ്ടെത്താൻ കഴിയുന്നില്ല. എന്നാൽ ആത്മീയതയിൽ എല്ലാത്തിനുമുള്ള ഉത്തരമുണ്ട്. സ്ഥലകാലങ്ങൾക്ക് അതീതമാണ് തപോഫലം. അത് തുര്യാവസ്ഥയാണ്. ഈ അവസ്ഥയിൽ എത്തിയതുകൊണ്ടാണ് മഹർഷിമാർ അതിവേഗം സഞ്ചരിച്ചത്. ഗുരുദേവൻ തുര്യാവസ്ഥയിൽ എത്തിയ ആളാണ്. അദ്ദേഹം ശാസ്ത്രത്തെയും ആത്മീയതയേയും സമന്വയിപ്പിച്ചു. സമീപഭാവിയിൽ കണ്ടെത്തിയ കണികാസിദ്ധാന്തത്തിന്റെ അന്തർധാര പതിറ്റാണ്ടുകൾ മുൻപ് രചിച്ച ഗുരുദേവ കൃതികളിലുണ്ട്. 'നോട്ട് മെനി, ബട്ട് വൺ' എന്ന തന്റെ പുസ്തകത്തിൽ ഈ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമുണ്ട്. ഗുരുദേവൻ തെളിയിച്ച വഴിയിലൂടെയാകണം പുതിയ കാലത്തെ സഞ്ചാരം.
അദ്ധ്യാപകരുടെ സ്ഥാനം സമൂഹത്തിൽ വളരെ മുകളിലാണ്. ഓരോകുട്ടിക്കും അദ്ധ്യാപകർ മാതൃകാസ്ഥാനത്തായിരിക്കും. തന്റെ ലേഖനങ്ങളിൽ പലതിനും പ്രചോദനമായത് കേരളകൗമുദിയാണ്. കുട്ടിക്കാലം മുതൽ കേരളകൗമുദിയുമായുള്ള ബന്ധമാണ് തനിക്ക് വഴികാട്ടിയായതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഹോട്ടൽ സീപാലസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏഴ് അദ്ധ്യാപക പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ വിശിഷ്ടാതിഥിയായി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സാം ചെമ്പകത്തിൽ നന്ദിയും പറഞ്ഞു. കൊല്ലം എസ്.എൻ വനിതാ കോളേജിലെ വിദ്യാർത്ഥിനികളായ രശ്മി രാജു, നന്ദന ഉദയൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.