കരുനാഗപ്പള്ളി: കൊവിഡ് പ്രതിസന്ധികൾക്കിടയിലും കരുനാഗപ്പള്ളി ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിന് തിളങ്ങുന്ന വിജയം. ഈ വർഷത്തെ കേരള സർവ്വകലാശാലയുടെ ഡിഗ്രി സ്കീം പരീക്ഷയിൽ കോളേജിന് 4 റാങ്കുകളാണ് ലഭിച്ചത്.
ബി.എ ഹിസ്റ്ററിക്ക് രണ്ടും, നാലും റാങ്കും ബി.ബി.എയ്ക്ക് രണ്ടും, അഞ്ചും റാങ്കുകളാണ് കോളേജ് സ്വന്തമാക്കിയത്. ബി.എ, ബി കോം, ബി.ബി.എ കോഴ്സുകളിൽ നിരവധി ഫസ്റ്റ് ക്ലാസുകളും സെക്കൻഡ് ക്ലാസുകളും കോളേജിനു ലഭിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ ആദ്യമായി എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസോടെ തിളക്കമാർന്ന വിജയം കൈവരിച്ചത് ശ്രീനാരായണ കോളേജാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും മാനേജ്മെന്റിന്റെയും ഒരുമിച്ചുള്ള മുന്നേറ്റമാണ് നേട്ടങ്ങൾക്കു പിന്നിൽ. മികച്ച അദ്ധ്യാപകരുടെ സേവനവും തികഞ്ഞ അച്ചടക്കവും മോട്ടിവേഷൻ ക്ലാസുകളും കോളേജിന്റെ പ്രത്യേകതകളാണ്. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് മുറികളും വിപുലമായ കമ്പ്യൂട്ടർ ലാബും നൂതനമായ ഓൺലൈൻ സാങ്കേതിക വിദ്യയും സ്കൂളിന്റെ നേട്ടങ്ങൾക്ക് കരുത്തു പകരുന്നു.
അർഹരായ വിദ്യാർത്ഥികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ, ബസ് കൺസഷൻ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും കാമറ നിരീക്ഷണത്തിലാണ് കാമ്പസ്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിയൻ നേതാക്കളുടെ ശ്രദ്ധയുണ്ട്. കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും തുടർ പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും പറഞ്ഞു.