v
ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കേരളകൗമുദി കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ.എസ്.വി.സുധീർ സംസാരിക്കുന്നു

കൊല്ലം: ക്ലാസിനു പുറത്തിറങ്ങുമ്പോഴുള്ള, അദ്ധ്യാപകരുടെ പെരുമാറ്റ രീതികളും പ്രവൃത്തികളുമാണ് കുട്ടികൾ മാതൃകയാക്കുന്നതെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാൻസലർ ഡോ. എസ്.വി. സുധീർ പറഞ്ഞു. ലോക അദ്ധ്യാപകദിനമായിരുന്ന ഇന്നലെ കേരളകൗമുദിയുടെ നേതൃത്വത്തിൽ അദ്ധ്യാപക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ ഗുരുകുല സമ്പ്രദായത്തിൽ കൃത്യമായ മാനേജ്‌മെന്റ് ശക്തി പ്രകടമായിരുന്നു. ഗുരുവും ശിഷ്യരും തമ്മിലുള്ള മാനസിക അടുപ്പം തീവ്രമായിരുന്നു. ഇപ്പോൾ അത്തരം ബന്ധങ്ങൾ ഉണ്ടാകുന്നില്ല. ക്ലാസുകൾക്ക് പുറത്ത് നന്മകൾ കാട്ടിക്കൊടുക്കാൻ അദ്ധ്യാപകർ നിഷ്കളങ്കമായി ശ്രമിച്ചാൽ അവരുടെ ശ്രേഷ്ഠത ഉയരും. പുതിയ കാലത്ത് വിദ്യാർത്ഥികളെ കൃത്യമായി മനസിലാക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നില്ല. അതിന് സമയം കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സമയം കണ്ടെത്താൻ അദ്ധ്യാപകർക്ക് കഴിയണം. ഉയർന്ന നിലയിലെത്തുന്ന ശിഷ്യരെ കാണുന്നതാണ് അദ്ധ്യാപകർക്കു ലഭിക്കുന്ന ഏറ്റവും വലിയ ആദരവ് എന്നും അദ്ദേഹം പറഞ്ഞു.