പോരുവഴി: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥൻ മരണമടയാൻ കാരണം ഡോക്ടർമാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാഭവനത്തിൽ അജിത് കുമാർ (48) മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് സെപ്തംബർ 25നാണ് സ്വയം കാറോടിച്ച് ഭാര്യ ദീപയ്ക്കൊപ്പം ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ആൻജിയോഗ്രാം കഴിഞ്ഞപ്പോൾ 2 ബ്ലോക്കുണ്ടെന്നും അടിയന്തരമായി ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. പിന്നീട് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പൺ ഹാർട്ട് സർജറി നടത്തിയെങ്കിലും ഫലമുണ്ടായില്ല. 20 യൂണിറ്റ് രക്തം അടുത്തടുത്ത ദിവസങ്ങളിൽ കൊടുത്തു. ഇതിനിടെ, തങ്ങളുടെ അനുവാദം ഇല്ലാതെ പല തവണ ശസ്ത്രക്രിയകൾ നടത്തിയതായാണ് ഭാര്യ ദീപയുടെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലുണ്ടായ മുറിവാണ് രക്തസ്രാവത്തിനും തുടർന്ന് മരണത്തിനും വഴിതെളിച്ചതെന്ന് ദീപ നൽകിയ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.
ദേവിക, ദക്ഷിത് എന്നിവരാണ് മക്കൾ.