photo
കേരഫെഡ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേരഫെഡിലെ മുഴുവൻ തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ ലീവ് ആനുകൂല്യങ്ങൾ ഏകീകരിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ജൂലായ് ആദ്യവാരം ട്രേഡ് യൂണിയനുകളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ പാലിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഇതേ തുടർന്നാണ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നും നേതാക്കൾ അറിയിച്ചു. പണിമുടക്കിയ തൊഴിലാളികൾ പുതിയകാവ് കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ യോഗം ചേർന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി. ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അദ്ധ്യക്ഷനായി. പി .ജി .വിജയകുമാർ, കെ. രാജശേഖരൻ, കൃഷ്ണപിള്ള , ജെ. ജയകൃഷ്ണപിള്ള, കടത്തൂർ മൻസൂർ, രവികുമാർ, പരിമണം ശശി, കമറുദ്ദീൻ മുസ്ലിയാർ, റെജി ഫോട്ടോ പാർക്ക്, എ അനിരുദ്ധൻ, ബി .കൃഷ്ണകുമാർ, വി .പി. ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു.