കൊല്ലം: കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമ്മിക്കാൻ അനുമതി. റെയിൽവേ ഡിവിഷണൽ മാനേജർ ആനന്ദ് സ്റ്റേഷൻ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഫുട് ഓവർ ബ്രിഡ്ജിന് സമീപത്തായിട്ടാണ് ലിഫ്റ്റ് സ്ഥാപിക്കുക. കൊട്ടാരക്കര ചെന്തറയിലും മൈലം വില്ലേജ് ഓഫീസിനോട് ചേർന്നും അടിപ്പാത നിർമ്മിക്കാനും പദ്ധതി തയ്യാറാക്കും. ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡി.ആർ.എം നിർദ്ദേശം നൽകി.
എന്നാൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷന്റെ സ്ഥിതി തീർത്തും ശോചനീയമാണ്. റെയിൽവേ ഡിവിഷണൽ മാനേജരും സംഘവും സന്ദർശിക്കുന്നതോടെ സ്റ്റേഷന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആക്ഷേപം.
ഇനിയുമേറെ ആവശ്യങ്ങൾ
1) കൊട്ടാരക്കര റെയിൽവെ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിച്ച് 24 കോച്ചുകളുള്ള സർവീസുകളെയും സ്വീകരിക്കുവാൻ പറ്റുന്ന നിലയിലേക്ക് മാറ്റണം. ഇപ്പോൾ ഈ റൂട്ടിൽ സർവീസ് നടത്തുന്ന പുനലൂർ - മധുര എക്സ് പ്രസ് 21 കോച്ചുകൾ ഉള്ളതും പുനലൂർ - ഗുരുവായൂർ എക്സ് പ്രസ് 19 കോച്ചുകൾ ഉള്ളതുമാണ്. ഈ ട്രെയിനുകളിൽ അവസാനത്തെ കോച്ചുകൾ പ്ലാറ്റ്ഫോമിന് പുറത്താണ് നിൽക്കുന്നത്
2) അനുവദിച്ച രണ്ട് ലിഫ്റ്റുകളുടെ ജോലികൾ ഉടൻ ആരംഭിക്കണം.
3) പുനലൂർ - ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കണം.
4) പുനലൂർ - ചെങ്കോട്ട റെയിൽവേ പാത വൈദ്യുതീകരിക്കണം.
5) എറണാകുളം - വേളാങ്കണ്ണി എക്സ് പ്രസ് (കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട വഴി) പുനരാരംഭിക്കണം.
6) ഗുരുവായൂർ - പുനലൂർ എക്സ് പ്രസ് സർവീസ് മധുരയിലേക്ക് നീട്ടണം.
7) കൊല്ലം - കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ് പ്രസ് (കൊട്ടാരക്കര, തെങ്കാശി, മധുര, പളനി വഴി) പുനരാരംഭിക്കണം.
8) പ്ലാറ്റ്ഫോമുകളിൽ ഷെൽട്ടറുകൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയതായി പ്ലാറ്റ്ഫോം ഷെൽട്ടറുകൾ സ്ഥാപിക്കണം.