കൊല്ലം: പള്ളിത്തോട്ടം വാടി ടോൾ ഗേറ്റിന് സമീപമുള്ള കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ. തൃക്കോവിൽവട്ടം വില്ലേജിൽ കണ്ണനല്ലൂർ നോർത്ത് താറാവിള വീട്ടിൽ ജോൺസൺ (ജോയി-52) ആണ് പിടിയിലായത്.
ടോൾ ഗേറ്റിനോട് ചേർന്നുള്ള കടയിൽ നിന്ന്, കടയുടമയായ ജെസിയുടെ പണമടങ്ങിയ പഴ്‌സാണ് മോഷ്ടിച്ചത്. കടയിൽ വന്ന ഇയാൾ സമീപത്തെ ബെഞ്ചിൽ വിശ്രമിക്കുന്നതായി ഭാവിച്ച് കടയുടമയുടെ ശ്രദ്ധ തെറ്റിയപ്പോൾ പഴ്‌സുമായി കടക്കുകയായിരുന്നു. ജെസിയുടെ പരാതിയിൽ പള്ളിത്തോട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പളളിത്തോട്ടം ഇൻസ്‌പെക്ടർ ആർ. ഫയാസ്, എസ്.ഐമാരായ വി.എൻ. ജിബി, അനിൽ ബേസിൽ, സജീവ്, എ.എസ്.ഐമാരായ രാജേഷ്, ശ്രീകുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.