എഴുകോൺ: കൊല്ലം - ചെങ്കോട്ട പാതയിലെ വികസനവുമായി ബന്ധപ്പെട്ട് എഴുകോൺ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച എഴുകോൺ പഞ്ചായത്ത്, സേവ് എഴുകോൺ റെയിൽവേ സ്റ്റേഷൻ ഫാറവും സംയുക്തമായി പൊതുജനത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സേവ് എഴുകോൺ റെയിൽവേ സ്റ്റേഷൻ ഫാറം കൺവീനർ കെ. ഹരീഷ് കുമാർ, ജോയിന്റ് കൺവീനർ അരുൺ ചന്ദ്രൻ എന്നിവർ ചേർന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി , മധുര ഡിവിഷണൽ റെയിൽവേ മാനേജർ പി. ആനന്ദ്, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഗണേഷ്, സീനിയർ സെക്ഷൻ എൻജിനീയർ വത്സലൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് നിവേദനം നൽകിയത്.
നിവേദനത്തിൽ
എഴുകോൺ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ ആരംഭിക്കുക
സ്റ്റേഷൻ ക്രോസിംഗ് സ്റ്റേഷനായി ഉയർത്തുക
പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടുക
എക്സ്പ്രസ്സ് ഉൾപ്പടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക
റെയിൽവേ പുറമ്പോക്കിൽ കൃഷി
കൊല്ലം -ചെങ്കോട്ട റെയിൽവേ പാതയുടെ അലൈൻമെന്റ് മാറിയപ്പോൾ ഉപയോഗ ശൂന്യമായ വസ്തുവിൽ കൃഷി ഇറക്കാൻ പഞ്ചായത്തിനെ അനുവദിക്കണമെന്ന് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ മധുര ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം നൽകി. ആഫ്രിക്കൻ ഒച്ച് ശല്യം ഏറ്റവും കൂടുതലുണ്ടായിരുന്നത് കാടുമൂടിയ റെയിൽവേ പുറമ്പോക്ക് ഭൂമിയിലാണ്. റെയിൽവേ അനുവദിച്ചാൽ കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഇറക്കുമെന്ന് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. നിയമ വശങ്ങൾ അനുസരിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ഡി.ആർ.എം. പി. ആനന്ദ് പറഞ്ഞു.
കോളന്നൂർ മുകളിൽ മുക്ക് റോഡ് നവീകരിക്കണം
റെയിൽവേ വസ്തുവിൽ കൂടി കടന്ന് പോകുന്ന എഴുകോൺ കോളന്നൂർ മുകളിൽ മുക്ക് റോഡ് നവീകരിക്കാൻ അനുവദിക്കണമെന്ന് കോളന്നൂർ മുകളിൽ മുക്ക് റോഡ് ഉപയോഗ പൊതുജന സമതി എം.പി. കൊടിക്കുന്നിൽ സുരേഷ്, ഡി.ആർ.എം. പി. ആനന്ദ്, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ എന്നിവർക്ക് നിവേദനം നൽകി. ശാന്തി മെഡിക്കൽസ് സുനിൽ കുമാർ, ഉണ്ണികൃഷ്ണൻ, വിനായക സുനിൽ കുമാർ എന്നിവരാണ് 350 പേര് ഒപ്പിട്ട നിവേദനം നൽകിയത്.