കൊല്ലം: ശ്രീരാജ്‌ വധക്കേസിലെ സാക്ഷിയായ സഹോദരീ ഭർത്താവിനെ കോടതി പരിസരത്ത്‌ വച്ച് ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വാക്കനാട് ഇലയം ഇലയത്തുവിള വീട്ടിൽ എ.എസ്. അനന്തുവാണ് (24) പിടിയിലായത്. ശ്രീരാജിന്റെ സഹോദരീ ഭർത്താവ് നെടുമൺകാവ് ഉളകോട് വാക്കനാട് സ്മിത വിലാസത്തിൽ എസ്. മനുകുമാറിനെയാണ് (47) ആക്രമിച്ചത്. അക്രമണത്തിന്‌ ശേഷം കോടതി പരിസരത്ത് സംശയാസ്പമായി കണ്ട യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച പ്രതിയെ പിടികൂടിയത്. അനന്തുവിനെ മനുകുമാർ തിരിച്ചറിഞ്ഞു. കേസിൽ വിസ്താരം തുടങ്ങിയ തിങ്കളാഴ്ച കൊല്ലം അഡിഷണൽ സെഷൻസ് കോടതിക്ക് മുന്നിൽ ഉച്ചയ്ക്ക് 2.30ഓടെ ശ്രീരാജിന്റെ അച്ഛൻ രാജേന്ദ്രൻ ആചാരിക്ക് മുന്നിൽവച്ചായിരുന്നു മർദനം. കാലിനും തലയ്ക്കും പരിക്കേറ്റ മനുകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.