പുനലൂർ: കഞ്ചാവ് വിൽക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. കക്കോട് താഴെകടവാതുക്കൽ ആദം മൻസിലിൽ ഷംനാദി (30 )നെയാണ് കഞ്ചാവും, കഞ്ചാവ് വിറ്റ പണവുമായി പുനലൂർ എസ് .ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വാളക്കോട് ഭാഗത്ത് കഞ്ചാവ് എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു യുവാവ്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻശ്രമിച്ചപ്പോൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൽപ്പിടുത്തത്തിനിടെ പ്രതിക്കും ,സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ് അനസ് എന്നിവർക്കും നിസാരമായി പരിക്ക് പറ്റി. അര കിലോയോളം വരുന്ന കഞ്ചാവും കഞ്ചാവ് വിറ്റ് ലഭിച്ച 44,500 രൂപയും പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കക്കോട് ഭാഗത്ത് വീട് വാടകക്കെടുത്ത് താമസിച്ച ശേഷം കഞ്ചാവ് വിറ്റ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എസ്.ഐ പറഞ്ഞു. എസ്.ഐ.അജികുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, അനസ്, മനോജ്, ഷിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.