കൊല്ലം: ആലപ്പാട് അഴീക്കൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ വലയിൽ തിമിംഗലം കുടുങ്ങി. ആലപ്പാട് തെക്ക് പടിഞ്ഞാറ് ഭാഗത്ത് മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് തിമിംഗലം വലയിൽ അകപ്പെട്ടത്. മത്സ്യത്തൊഴിലാളികളാകെ പരിഭ്രാന്തിയിലായി. വള്ളംമറിക്കുമോ എന്നായിരുന്നു അവരുടെ ഭയം. വലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വല മുറിച്ച് വിട്ട് തിമിംഗലം രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു. അഴീക്കലിൽ നിന്ന് പോയ ഓംകാരം വള്ളത്തിന്റെ വലയിലാണ് തിമിംഗലം അകപ്പെട്ടത്. വള്ളത്തിൽ 40 മത്സ്യതൊഴിലാളികൾ ഉണ്ടായിരുന്നു. തിമിംഗലം രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വല നഷ്ടപ്പെട്ടതിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.