കരുനാഗപ്പള്ളി: മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ - ആമ്പാടി മുക്ക് റോഡിന്റെ നിർമ്മാണമാണ് ഒരു വർഷമായി ഒച്ചിഴയും വേഗതയിൽ നീങ്ങുന്നത്. പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആലുംകടവിലേക്ക് പോകുന്ന റോഡിന്റെ ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന ഭാഗത്താണ് ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിന്റെ പുനരുദ്ധാരണത്തിനും പുതിയ രണ്ട് പാലങ്ങളുടെ പുനർ നിർമ്മാണത്തിനുമായി 2 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
പാലം തുറന്നപ്പോൾ റോഡ് പൊളിച്ചു
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്നര കിലോമീറ്റർ ദൈഘ്യത്തിലാണ് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നത്. കഴിഞ്ഞ നവംബറിലാണ് രണ്ട് പാലങ്ങളുടെയും നിർമ്മാണം തുടങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. യാത്രക്കാർ പലഭാഗത്തുകൂടി വലം വെച്ചാണ് നാഷണൽ ഹൈവേയിൽ എത്തിയിരുന്നത്. മാസങ്ങൾ കൊണ്ടാണ് പാലത്തിന്റെ പ്രാഥമിക നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് നൽകിയത്. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചിട്ടു. ഇതോടെ റോഡ് വഴിയുള്ള യാത്ര വീണ്ടും ദുഷ്ക്കരമായി. വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയുമായി.
എന്ന് തീരും നിർമ്മാണം
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഓഫീസിൽ ഉപരോധിച്ചു. ഇതേ തുടർന്ന് കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചിട്ട റോഡ് നിരത്തി. ഇപ്പോഴും വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതു വഴി കടന്ന് പോകുന്നത്. പാലത്തിന്റെ പണി ആരംഭിച്ചപ്പോൾ തന്നെ റോഡുകൂടി പൊളിച്ച് പുനർനിർമ്മിച്ചിരുന്നെങ്കിൽ നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റാൻ കരാറുകാരന് കഴിയുമായിരുന്നു. ഇനി പാലത്തിന്റെയും റോഡിന്റെയും പണികൾ എന്നത്തേക്ക് തീരുമെന്ന് ഉറപ്പ് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. റോഡിന്റെയും പാലത്തിന്റെയും പണികൾ അനന്തമായി നീണ്ട് പോകുന്നതാണ് നാട്ടുകാരെ വലയ്ക്കുന്നത്.
സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ
കരുനാഗപ്പള്ളിയിലെ ഏറ്റവും പ്രധാന റോഡുകളിൽ ഒന്നാണിത്. ആലുംപീഠിക വഴി കടന്ന് വരുന്ന തീരദേശ റോഡുമായി ടൗണിനെ ബന്ധിപ്പിക്കുന്ന റോഡാണ്. വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ ടൗണിൽ എത്തി റോഡ് മാർഗം ആലുംകടവ് ഗ്രീൻ ചാനലിൽ എത്തിച്ചേരുന്നതും ഇതു വഴിയാണ്. വടക്കൻ ഭാഗങ്ങളിൽ നിന്ന് കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ച് ആലുകടവിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് കല്ലുംമൂട്ടിൽക്കടവ് പാലം കടന്നാണ് അഴീക്കലിലേക്ക് പോകുന്നത്. നിലവിൽ ഇതെല്ലാം നിലശ്ചിരിക്കുകയാണ്. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പായി റോഡിന്റെയും പാലങ്ങളുടെയും പുനർനിർമ്മാണം പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.